ഡ്രൈവർ മദ്യപിച്ചാലും തേർഡ് പാർട്ടി ഇൻഷ്വറൻസ് നിഷേധിക്കാനാവില്ല

Thursday 02 February 2023 12:06 AM IST

കൊച്ചി: വാഹനമിടിച്ച് പരിക്കേറ്റയാൾക്ക് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന കാരണത്താൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. തേർഡ് പാർട്ടിക്ക് ഇൻഷ്വറൻസ് കമ്പനി തുക കൈമാറണം. പിന്നീട് ഈ തുക വാഹന ഉടമയിൽ നിന്നും ഡ്രൈവറിൽ നിന്നും കമ്പനിക്ക് ഈടാക്കാമെന്നും ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവിൽ പറയുന്നു.

കാറിടിച്ച് പരിക്കേറ്റ ഓട്ടോയാത്രക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറഞ്ഞുപോയെന്നാരോപിച്ചു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്. 2013 ഡിസംബർ 19 ന് മലപ്പുറത്തായിരുന്നു അപകടം. നിലമ്പൂർ സ്വദേശി ഇ.കെ. ഗിരിവാസൻ മദ്യപിച്ച് ഓടിച്ച കാറിടിച്ചാണ് റഷീദിന് പരിക്കേറ്റത്. 2.40 ലക്ഷം രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. ഇതു കുറഞ്ഞു പോയെന്ന റഷീദിന്റെ ഹർജിയിൽ, കാർ ഡ്രൈവർ മദ്യപിച്ചതിനാൽ തേർഡ് പാർട്ടി ഇൻഷ്വറൻസ് നൽകാൻ തങ്ങൾക്ക് ബാദ്ധ്യതയില്ലെന്നും ഇതു പോളിസി വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ വാദം.

ഡ്രൈവർ മദ്യപിച്ചിരുന്നോയെന്ന് തേർഡ് പാർട്ടിക്ക് അറിയാനാവില്ലെന്നും ആ നിലയ്ക്ക് ഇൻഷ്വറൻസ് തുക നിഷേധിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇൻഷ്വറൻസ് തുക 39,000 രൂപ വർദ്ധിപ്പിച്ച ഹൈക്കോടതി ഈ തുക ഏഴു ശതമാനം പലിശ സഹിതം രണ്ടു മാസത്തിനകം ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും നിർദ്ദേശിച്ചു.