മന്ത്രി യോഗം വിളിച്ചതുകൊണ്ട് കൊമ്പന്മാർ കാടുകയറിയോ: സതീശൻ
Thursday 02 February 2023 12:19 AM IST
തിരുവനന്തപുരം: ഇടുക്കിയിൽ വനംമന്ത്രി യോഗം വിളിച്ചതുകൊണ്ട് റോഡിൽ ഇറങ്ങിയ കൊമ്പന്മാരെല്ലാം കാടുകയറിയോയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മനുഷ്യർ ഭീതിയിൽ കഴിയുമ്പോൾ സർക്കാർ അതിനെ നിസാരവത്കരിക്കുകയാണ്. വനംവകുപ്പിന്റെ കുറ്റസമ്മതമാണ് മന്ത്രി ശശീന്ദ്രൻ നിയമസഭയിൽ നടത്തിയത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തി കിടങ്ങുകളും ബയോ ഫെൻസിംഗുകളും ഉണ്ടാക്കണമെന്നാണ് മന്ത്രി ഇടുക്കിയിൽ പറഞ്ഞത്. ഇതൊക്കെ സർക്കാരാണ് ചെയ്യേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ ഇൻഷ്വറൻസ് ഉൾപ്പെടെ നടപ്പാക്കിയത് കേരളത്തിലെ വനം വകുപ്പ് കണ്ടുപഠിക്കണം. ഒരു വർഷത്തിനിടെ 144 പേർ മരിക്കുകയും 8705 പേർക്ക് കൃഷിനാശമുണ്ടായെന്നും സതീശൻ നിയമസഭയിൽ ശൂന്യവേളയിലെ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.