റേഷൻ കടകളിൽ പുഴുക്കലരി ഇല്ല

Thursday 02 February 2023 12:24 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ കടകളിൽ പുഴുക്കലരി കിട്ടാനില്ലെന്ന് പരാതി. ഫ്രെബ്രുവരിയിലെ റേഷൻ വിതരണം ഇന്നലെ ആരംഭിച്ചപ്പോൾ മിക്ക ഗുണഭോക്താക്കൾക്കും ലഭിച്ചത് പച്ചരിയായിരുന്നു. പച്ചരി മാത്രമേ ഉള്ളൂവെന്നറിഞ്ഞ് പലരും അരി വാങ്ങാതെ മടങ്ങി.

മഞ്ഞ കാർഡൊന്നിന് 30കിലോ അരി പിങ്ക് കാർഡ്: ഓരോ അംഗത്തിനും 4കിലോ അരിയും സൗജന്യമായും നീല കാ‌ർഡിലെ ഓരോ അംഗത്തിനും 4രൂപ നിരക്കിൽ രണ്ടു കിലോ വീതം അരി. വെള്ള കാ‌ർഡിന് 10കിലോ അരി 10.90രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നതിന് എത്തിയത്. ഏതാനും ജില്ലകളിൽ പിങ്ക്,മഞ്ഞ കാ‌ർഡ് ഉടമകൾക്ക് വിഹിതത്തിന്റെ 20ശതമാനം പുഴുക്കലരി ലഭിച്ചു. ഫോർട്ടിഫൈഡ് ചെയ്ത അരി ഈ മാസം റേഷൻ കടകളിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ വിതരണം ചെയ്തതിൽ ഫോർട്ടിഫൈഡ് ചെയ്ത അരി ഉണ്ടായിരുന്നില്ലെന്ന് വ്യാപാരികൾ അറിയിച്ചു.