പ്രഥമ ശ്രീനാരായണ ദർശന സപ്താഹം ഫെബ്രു. 5 മുതൽ

Thursday 02 February 2023 12:39 AM IST

തിരുവനന്തപുരം: പ്രസിദ്ധ വേദാന്ത പണ്ഡിതനും ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികളുടെ വ്യാഖ്യാതാവുമായ പ്രൊഫ. ജി.ബാലകൃഷ്ണൻ നായരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആശാൻ അക്കാഡമിയും ശ്രീനാരായണഗുരു വിശ്വ സംസ്കാര ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രഥമ ശ്രീനാരായണ ദർശന സപ്താഹം" ഫെബ്രുവരി 5 മുതൽ 11 വരെ കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്കാര ഭവനിൽ നടക്കും.

അഞ്ചിന് വൈകിട്ട് 4ന് ചെമ്പഴന്തി ശ്രീനാരായണഗുരു അന്തർദ്ദേശീയ പഠന കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്.ശിശുപാലൻ സപ്താഹം ഉദ്ഘാടനം ചെയ്യും. ആശാൻ അക്കാഡമി പ്രസിഡന്റ് പ്രൊഫ. എം.ആർ.സഹൃദയൻ തമ്പി അദ്ധ്യക്ഷത വഹിക്കും. ഗുരുദേവ കൃതികളെക്കുറിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പോളണ്ടിലെ റോക്ക്ലോ സർവകലാശാല ഇന്തോളജി വിഭാഗം അസി. പ്രൊഫ. ഹന്ന ഉർബൻസ്ക ചടങ്ങിൽ മുഖ്യാതിഥിയാവും. പ്രൊഫ. ജി.ബാലകൃഷ്ണൻ നായരുടെ ശിഷ്യൻ വേദാന്ത പ്രഭാഷകൻ ബി.ആർ.രാജേഷ് സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. ശ്രീ ശങ്കരാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും ഗുരുപൂജയും നടത്തും. ഗുരുദേവ കൃതികളായ ദൈവദശകം, ജനനീ നവരത്ന മഞ്ജരി, നിർവൃതി പഞ്ചകം എന്നിവയെ ആസ്പദമാക്കിയാണ് സപ്താഹം.

അക്കാഡമി വൈസ് പ്രസിഡന്റ് ഒ.പി.വിശ്വനാഥൻ സ്വാഗതവും സെക്രട്ടറി പൂതംകോട് ഹരികുമാർ നന്ദിയും പറയും. 11ന് വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനം ശിവഗിരി ശ്രീനാരായണ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് എം.വി.ഗോപകുമാർ രചനയും ഡോ. രാജാ വാര്യർ സംവിധാനവും നിർവഹിച്ച ഉപനിഷത് സാരത്തെ ആസ്പദമാക്കിയുള്ള ആദ്യ മലയാള ഏകാങ്ക നാടകം 'വാക്യം" അവതരിപ്പിക്കും.