മദ്ധ്യവയസ്‌കയെ കടുവ ആക്രമിച്ച് കൊന്നു

Thursday 02 February 2023 12:43 AM IST

ഗൂഡല്ലൂർ: കേരള അതിർത്തിയോട് ചേർന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ തൊപ്പക്കാടിന് സമീപം കടുവ മദ്ധ്യവയസ്‌കയെ ആക്രമിച്ച് കൊലപ്പെടുത്തി. മുതുമല ആനവളർത്തൽ കേന്ദ്രത്തിന് സമീപം ബഡി ഗ്രാമം ആനപ്പാടിയിലെ മാരിയാണ് (50) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപം വിറക്‌ പെറുക്കാനായി പോകുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മാരിയെ കാണാതായതിനെ തുടർന്ന് വനപാലകർ ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് ഇന്നലെ പുലർച്ചെ അഞ്ചോടെ മുതുമല ആനപ്പന്തിയിൽ നിന്ന് 200 മീറ്റർ മാറി പാതി ഭക്ഷിച്ച നിലയിൽ മൃതശരീരം കണ്ടെത്തിയത്.

മാരിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, കടുവയെ ഉടൻ വെടിവച്ച് കൊല്ലുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രദേശവാസികൾ മൈസൂർ ഊട്ടി റോഡ് ഉപരോധിച്ചു. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ് നൽകിയതോടെയാണ് അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഈ പ്രദേശത്ത് ഇതിനുമുമ്പും കടുവ നിരവധിപ്പേരെ ആക്രമിച്ചിട്ടുണ്ട്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്.