സംസ്ഥാന ബഡ്ജറ്റ് പ്രതീക്ഷയിൽ കൊല്ലം
കൊല്ലം: സംസ്ഥാന ബഡ്ജറ്റിൽ വലിയ പ്രതീക്ഷകളുമായി കൊല്ലം. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും പ്രാരംഭ ഘട്ടത്തിൽ നിൽക്കുന്നതേയുള്ളു. പദ്ധതി പൂർത്തീകരണമാവും ഈ സാമ്പത്തിക വർഷത്തെ പ്രധാന ലക്ഷ്യം.
അതിജീവനത്തിന് പൊരുതുന്ന മൺറോത്തുരുത്തിന്റെ വികസനമാണ് ബഡ്ജറ്റിലെ പ്രധാന പ്രതീക്ഷ. സർക്കാർ പ്രഖ്യാപിച്ച 100 കോടിയുടെ സ്പെഷ്യൽ പാക്കേജ് യാഥാർത്ഥ്യമാകുമോയെന്നാണ് നാട് ഉറ്റുനോക്കുന്നത്. 20 കോടി വച്ച് 5 വർഷത്തേക്ക് സ്പെഷ്യൽ പാക്കേജ് നടപ്പാക്കുമെന്നാണ് പ്രതീക്ഷ. പ്രോജക്ട് റിപ്പോർട്ട് കഴിഞ്ഞ മാസം സർക്കാരിന് സമർപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയാണ് തുരുത്ത് നേരിടുന്ന വലിയ ഭീഷണി. വീടുകൾക്കുണ്ടാകുന്ന നാശം, കാർഷിക വിളകളുടെ നഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്ക് പാക്കേജിൽ പ്രധാന്യം നൽകിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപിച്ച മേവറം കേന്ദ്രമാക്കിയുള്ള മൊബിലിറ്റി ഹബ്ബും പുതിയ ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിക്കുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പുതിയമന്ദിരം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളാണ് മറ്റൊരു പ്രധാന നിർദേശം. ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഇരവിപുരത്ത് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
ഐ.ടി പാർക്കും കൊല്ലം- കുണ്ടറ ഐ.ടി ഇടനാഴിയും കഴിഞ്ഞ ബഡ്ജറ്റിൽ ഇടംപിടിച്ചിരുന്നു. എം.സി റോഡിന്റെയും കൊല്ലം- ചെങ്കോട്ട റോഡിന്റെയും വികസനത്തിന് 1500 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ രൂപ രേഖ തയ്യാറാക്കുന്ന ജോലികൾ നടന്നുവരുന്നു. കശുഅണ്ടി വ്യവസായത്തെ കരകയറ്റാൻ ആശ്വാസ പദ്ധതികൾ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
പ്രഖ്യാപനമുണ്ട്, ഫലത്തിലില്ല കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം. 2 കോടി നീക്കിവച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തിനാൽ തുടർ നടപടി ഉണ്ടായില്ല.
കൊല്ലം തുറമുഖത്തിന്റെ ആഴംകൂട്ടൽ, വാർഫുകൾ ബന്ധിപ്പിക്കൽ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടിരൂപയും കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം ഗോവ ക്രൂയിസ് ടൂറിസത്തിന് 5 കോടിയും ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി തീർത്ഥാടക ടൂറിസം സർക്യൂട്ടും അഷ്ടമുടിക്കായലിന്റെ ശുചീകരണത്തിനായി 10 കോടിയും ശാസ്താംകോട്ട കായൽ ശുചീകരണത്തിന് 2 കോടിയും നീക്കിവച്ചെങ്കിലും കാര്യമായ പുരോഗതിയില്ല.