50 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

Thursday 02 February 2023 2:00 AM IST

കൊല്ലം: പുന്തലത്താഴം പഞ്ചായത്തിൽ അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ ഇരവിപുരം പൊലീസ് പിടികൂടി.

പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്താണ് (40) പിടിയിലായത്. ഡ്രൈ ഡേ മുൻകൂട്ടി കണ്ട് പല തവണയായി വാങ്ങി സൂക്ഷിച്ച 99 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.

കൊല്ലം പുന്തലത്താഴം പഞ്ചായത്തുവിള ഭാഗത്ത് ഇലക്ട്രിക്കൽ കട നടത്തുന്ന സുജിത്ത് പലപ്പോഴായി ബീവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നാണ് മദ്യം ശേഖരിച്ചത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ച് വരികയായിരുന്നു. അര ലിറ്ററിന്റെ 98 കുപ്പികളും ഒരു ലിറ്ററിന്റെ 1 കുപ്പിയുമാണ് കണ്ടെടുത്തത്. കൊല്ലം എ.സി.പി അഭിലാഷിന്റെ മേൽനോട്ടത്തിൽ ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ.ജയകുമാർ, ഇരവിപുരം എസ്.ഐ ദിലീപ്, സി.പി.ഒമാരായ വിഷ്ണു, വിക്ടർ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.