കൈയിലെ പൊട്ടൽ വകവയ്ക്കാതെ വിഹാരിയുടെ വീരോചിത പോരാട്ടം

Thursday 02 February 2023 4:37 AM IST

ഇൻഡോർ: രഞ്ജി ട്രോഫി ക്വാർട്ടറിൽ മധ്യപ്രദേശിനെതിരെ കൈക്കുഴയിലെ പൊട്ടൽ വകവയ്ക്കാതെ ക്രീസിൽ തിരിച്ചെത്തി ആന്ധ്രാ പ്രദേശ് നായകൻ ഹനുമാ വിഹാരി നടത്തിയ വീരോചിത ബാറ്റിംഗിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിന്റെ ഒന്നാം ദിനമായ ചൊവ്വാഴ്ച മധ്യപ്രദേശ് പേസർ ആവേശ് ഖാന്റെ ബൗൺസ‌ർ ഇടത് കൈക്കുഴയിൽക്കൊണ്ടാണ് വിഹാരിക്ക് പരിക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ വിഹാരി ബാറ്റിംഗ് പൂ‌ർത്തിയാക്കാതെ പവലിയനിലേക്ക് മടങ്ങുകയും വൈദ്യസഹായം തേടുകയും ചെയ്തു. 37 പന്തിൽ 16 റൺസായിരുന്നു അപ്പോൾ വിഹാരിയുടെ സമ്പാദ്യം. സ്കാനിംഗിൽ കൈക്കുഴയ്ക്ക് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തുകയും ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ ആന്ധ്രാ പ്രദേശിന്റെ 9 വിക്കറ്രുകൾ നഷ്ടമായപ്പോൾ അവസാന ബാറ്രറായി പൊട്ടലുള്ള കൈയിൽ ബാൻഡേജ് ചുറ്രി വിഹാരി ക്രീസിലേക്ക് തിരിച്ചത്തുകയായിരുന്നു. റൈറ്റ് ഹാൻഡറായ വിഹാരി പരിക്കിനെ തുടർന്ന് ലെഫ്റ്റ് ഹാൻഡറായാണ് ബാറ്റ് ചെയ്തത്. പന്ത് വരുമ്പോൾ പരിക്കുള്ള ഇടതുകൈ മാറ്രി പിടിച്ച് വലതു കൈകൊണ്ടാിരുന്നു വിഹാരയുടെ ബാറ്രിംഗ്. ആവേശിനെതിരെ ഒറ്രക്കൈകൊണ്ട് തന്നെ ഫോറടിച്ച വിഹാരി തിരിച്ചുവരവിൽ 19 പന്തിൽ 11 റൺസാണ് നേടിയത്. ലളിത് മോഹനൊപ്പം പത്താം വിക്കറ്റിൽ 26 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. ആന്ധ്രാ ഒന്നാം ഇന്നിംഗ്സിൽ 379 റൺസിന് ഓൾ ഔട്ടായി. മധ്യപ്രദേശ് രണ്ടാം ദിനം കളിനിറുത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 144/4 എന്ന നിലയിലാണ്.

രണ്ട് വർഷം മുൻപ് സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ കടുത്ത പേശിവലിവിനെ അതിജീവിച്ച് ഇന്ത്യയ്ക്ക് വിജയത്തിന് തുല്യമായ സമനില നേടിക്കൊടുത്ത ഗംഭീര ഇന്നിംഗ്സിനെ ഓർമ്മിപ്പിക്കുന്ന വീരോചിതനിമിഷങ്ങളാണ് വിഹാരി ഇന്നലെ ഹാൾക്കറിലും സമ്മാനിച്ചത്.

Advertisement
Advertisement