റെക്കാഡ് തുകയ്ക്ക് എൻസൊ ഫെർണാണ്ടസിനെ സ്വന്തമാക്കി ചെൽസി
ലണ്ടൻ: അർജന്റീനയെ ലോകചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എൻസൊ ഫെർണാണ്ടസിനെ ഇംഗ്ലീഷ് പ്രമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന് തുകയ്ക്ക് തങ്ങളുടെ തട്ടകത്തിൽ എത്തിച്ച് ചെൽസി. ജനുവരി ട്രാൻസ്ഫർ വിൻഡോ അടയ്ക്കാറാകവെ 121 മില്യൺ യൂറോ (ഏകദേശം 1079 കോടി രൂപ) മുടക്കിയാണ് എൻസോയെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്ന് ചെൽസി സ്വന്തമാക്കിയത്. ഇതോടെ പ്രിമിയർ ലീഗിലെ ഏറ്രവും വിലയേറിയ താരമെന്ന റെക്കാഡ് മാഞ്ചസ്റ്റർ സിറ്റി താരം ജാക്ക് ഗ്രീലിഷിനെ മറികടന്ന് എൻസൊ സ്വന്തമാക്കി. 2031 വരെയുള്ള എട്ടര വർഷത്തെ കരാറിലാണ് ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസൊ ചെൽസിയുമായി ഒപ്പുവച്ചത്.
അതേസമയം എൻസൊ വന്നപ്പോൾ ചെൽസിയിൽ നിന്ന് ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർഗീന്യോ ആഴ്സനലിലേക്ക് ചേക്കേറി. മൂന്ന് വർഷത്തേക്ക് 120 കോടി രൂപയുടെ കരാറിലാണ് ജോർഗീന്യൊ പ്രിമിയർ ലീഗി കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ആഴ്സനലിൽ എത്തിയത്.പരിക്കേറ്റ ക്രിസ്റ്റ്യൻ എറിക്സണിന്റെ പകരക്കാരനായി ബയേൺ മ്യൂണിക്കിൽ നിന്ന് മാഴഅസൽ സാബിസ്റ്ററെ മാഞ്ച്സറ്റർ യുണൈറ്റഡ് വാങ്ങി. എറിക്സണ് കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമമാണ് വേണ്ടത്. പി.എസ്.ജിയുടെ കോസ്റ്റാറിക്കൻ ഗോൾ കീപ്പർ കെയ്ലർ നവാസ് ലോണിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ എത്തി.