കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു,​ അപകടം പ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി

Thursday 02 February 2023 11:38 AM IST

കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. രണ്ട് പേരുടെയും മൃതദേഹം കത്തിനശിച്ച നിലയിലായിരുന്നു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.

പ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാല് പേരെ രക്ഷിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിന്റെ മുൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയിലെത്താൻ വെറും രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് കാർ അഗ്നിക്കിരയായത്. ആദ്യം കാറിൽ നിന്ന് ചെറിയ പുക ഉയർന്നു. പിൻ സീറ്റിലിരുന്നവർ ഡോർ തുറന്ന് പുറത്തിറങ്ങി. എന്നാൽ പെട്ടെന്ന് ഡ്രൈവർ സീറ്റിന്റെ സൈഡിൽ നിന്ന് തീ ഉയർന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ യുവതിയ്ക്കും പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. നിമിഷങ്ങൾക്കുള്ളിൽ കാർ കത്തിയമർന്നു.