ബോസ്റ്റൽ സ്കൂൾ സൂപ്പറാകും

Friday 03 February 2023 12:19 AM IST

കൊച്ചി​: കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്ന കൗമാരക്കാരെ സാധാരണ ജീവി​തത്തി​ലേയ്ക്കും സാമൂഹ്യ പരി​സരങ്ങളി​ലേയ്ക്കുമെത്തി​ക്കുന്ന ജയി​ൽ വകുപ്പി​ന് കീഴി​ലെ തൃക്കാക്കര ബോസ്റ്റൽ സ്‌കൂളിന് പുതിയ സൗകര്യങ്ങൾ തയ്യാറാകുന്നു.

രണ്ടേക്കർ വളപ്പിൽ 3000 ചതുരശ്ര അടിയുള്ള മൂന്നു നില കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്.

ഓഡിറ്റോറിയം, മെഡിക്കൽ, ലീഗൽ മുറികൾ, ഫിറ്റ്നസ് സെന്റർ, തൊഴിൽ പരിശീലന കേന്ദ്രം, ലൈബ്രറി എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. പത്ത് കമ്പ്യൂട്ടറുകളുള്ള ലാബും സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്. മെറ്റൽ ഡിറ്റക്ടർ, സി.സി ടിവി, വീഡിയോ കോൺഫറൻസിംഗ്, കുട്ടികൾക്ക് ബന്ധുക്കളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതിന് വീഡിയോ കോൾ സംവിധാനങ്ങൾ എന്നിവയുമുണ്ട്. പുറത്തു നിന്നുള്ള അദ്ധ്യാപകരാണ് അന്തേവാസികളെ പഠിപ്പിക്കുന്നത്.

ബോസ്റ്റൽ സ്കൂളി​ൽ കഴി​യുന്നവരെ സെല്ലി​ൽ അടയ്ക്കുന്ന പതി​വി​ല്ല. പകൽ ഇവർക്ക് ക്ളാസുകളും തൊഴി​ൽ പരി​ശീലനവും വ്യായാമവും കൃഷി​യും യോഗ പരി​ശീലനവും മറ്റും ഉണ്ടാകും. നി​ർദ്ധനരായവർക്ക് സൗജന്യ നി​യമസഹായവും ലഭ്യമാക്കുന്നുണ്ട്.

• കാക്കനാട് 70 പേർ

കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളി​ൽ 66 പേർക്കാണ് താമസ സൗകര്യം. ഇപ്പോൾ 70 പേരുണ്ട്. ഇവരി​ൽ ഒരാൾ മാത്രമാണ് ശി​ക്ഷ ലഭി​ച്ചയാൾ. മറ്റുള്ളവരെല്ലാം റി​മാൻഡ് പ്രതി​കളാണ്. പത്തോളം പേർ അന്യസംസ്ഥാനക്കാരും.

• ബോസ്റ്റൽ സ്കൂൾ വാസി​കൾ

ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 21 വയസിൽ താഴെയുള്ളവരെയാണ് പാർപ്പി​ക്കുക. 6 മാസത്തിനും ഒരു വർഷത്തിനും ഇടയിൽ ഇവർ ജാമ്യത്തിലോ ശിക്ഷ തീർന്നോ പുറത്തുപോകും.

അബദ്ധം പറ്റിയെത്തുന്നവരാണ് കൂടുതലും. കുറ്റവാസനയുള്ളവർ തീരെ കുറവാണ്. 21 വയസിന് ശേഷം ശിക്ഷിക്കപ്പെടുന്നവരെ ജയിലിലേക്കാണ് അയയ്ക്കുക. പെൺ​കുട്ടി​കൾക്കായി​ ബോസ്റ്റൽ സ്കൂളി​ല്ല. ഇവരെ വനി​താ ജയി​ലിലേക്ക് അയയ്ക്കും.

• രാജ്യത്ത് മാതൃകയാക്കും: മുഖ്യമന്ത്രി​

തൃക്കാക്കര ബോസ്റ്റൽ സ്കൂളി​നെ രാജ്യത്തെ തന്നെ മാതൃകാസ്ഥാപനമാക്കുമെന്ന് ഉമ തോമസി​ന്റെ സബ്മി​ഷന് മുഖ്യമന്ത്രി​ നി​യമസഭയി​ൽ മറുപടി​ നൽകി​.

3.3 കോടി രൂപയുടെ പുതിയ കെട്ടിട നി​ർമ്മാണം നടക്കുകയാണ്. വിദ്യാഭ്യാസവും വ്യക്തിത്വവികസനവും മുൻനിർത്തി വിദഗ്ദ്ധ അദ്ധ്യാപകരുടെ സേവനവും ലൈബ്രറി സൗകര്യവും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. അന്തേവാസികളിൽ ശാരീരികവും മാനസികവും സാമൂഹികവുമായ പരിവർത്തനം സൃഷ്ടിച്ച് കുറ്റവാസനയിൽനിന്ന് മോചിപ്പിച്ച് അവരെ ഉത്തമ പൗരന്മാരാക്കി മാറ്റുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി നൽകി.

Advertisement
Advertisement