ബിനാലെ നിത്യ പ്രചോദനം: ലാൽ ജോസ്
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആവിഷ്‌കാരങ്ങളെന്നും പ്രചോദനം തരുന്നതാണെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞു. ആദ്യത്തേത് മുതൽ എല്ലാ ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് 'ബിനാലെ ഡയറക്ടർ' എന്ന പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' എന്ന സിനിമയിലെ അവസാന ഷോട്ടിന് പ്രചോദനമായത് ബിനാലെയിലെ ഒരു ഇൻസ്റ്റലേഷനാണ്.
ദൃശ്യപരമായി സംവദിക്കുന്ന ഒരുപാട് അവതരണങ്ങൾ ബിനാലെയുടെ സവിശേഷതയാണ്. അവയുടെ പൂർണമായ അർത്ഥമൊന്നും സാധാരണക്കാരന് മനസിലായില്ലെങ്കിലും സ്വന്തം നിലയ്ക്ക് അനുമാനങ്ങൾ സാദ്ധ്യമാക്കി. ഇത്തവണ കുറേക്കൂടി ശ്രദ്ധയൂന്നി ആഴത്തിൽ മനസിലാക്കി കാണേണ്ടവയാണ് അവതരണങ്ങൾ. പ്രാധാന്യം വിവരിച്ചു കേട്ടറിയേണ്ടതുണ്ട്.
കാലാവസ്ഥാമാറ്റം ഉൾപ്പെടയുള്ള സാമൂഹ്യ വിഷയങ്ങളിലുള്ള വീഡിയോകൾ നടുക്കമുണ്ടാക്കുന്നവയാണ്. കൊവിഡാനന്തരം സ്വാഭാവികമായും ലോകത്തെ എല്ലാ കലാരൂപങ്ങളിലും ആ മഹാമാരിയുടെ സ്വാധീനമുണ്ട്. ആ മാറ്റം ബിനാലെയിലും പ്രകടമാണ്. ഉപരിതലസ്പർശിയായ നിലയിൽ നിന്ന് ആന്തരികമായി കാര്യങ്ങളെ സമീപിക്കുന്ന വിധം സമൂഹം മാറി. ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ ബിനാലെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു ലാൽ ജോസ് .
പ്രശസ്ത സ്വിസ് ആർട്ടിസ്റ്റും കലാദ്ധ്യാപകനുമായ ഡിനോ റിഗോലി, ത്രിപുര വ്യാപാര വാണിജ്യ ഡയറക്ടർ ബി. വിശ്വശ്രീ, ഒളിംപ്യൻ ടി.സി. യോഹന്നാൻ എന്നിവരും ബിനാലെ കാണാനെത്തി.
ബിനാലെയിൽ ഇന്ന്
ഫോർട്ടുകൊച്ചി കബ്രാൾയാർഡ് ആർട്ട് റൂം: ത്രീ സിസ്റ്റേഴ്‌സ് ആൻഡ് മോർ കൃഷിരീതി സംബന്ധിച്ച ശില്പശാല . രാവിലെ 10 ന്
ഫോർട്ടുകൊച്ചി കബ്രാൾയാർഡ് ആർട്ട് റൂം: ലിവിംഗ് സ്‌കൾപ്ച്ചർ ശില്പശാല രാവിലെ 10ന്
കബ്രാൾയാർഡ് ബിനാലെ പവിലിയൻ: സോയിൽ അസംബ്ലി . ഉച്ചയ്ക്ക് ഒരു മണി