ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ച സംഭവിച്ചു; തെറ്റിനെതിരെ കർശന നടപടി സ്വീകരിക്കും, കൈക്കൂലി പറ്റിയ ഡോക്ടറുടേത് സാമൂഹിക ദ്രോഹമെന്ന് ആരോഗ്യമന്ത്രി

Thursday 02 February 2023 7:32 PM IST

തിരുവനന്തപുരം: ഹെൽത്ത് കാർഡിന്റെ വിതരണത്തിൽ വീഴ്ച പറ്റിയതായി സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായുള്ള ഹെൽത്ത്കാർഡിന്റെ വിതരണനടപടികൾ കുറ്റമറ്റതാക്കാൻ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ആര് തെറ്റ് ചെയ്താലും കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയതായും അവർ അറിയിച്ചു.

ചട്ടപ്രകാരമുള്ള പരിശോധനകൾ നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ ഡോക്ടറുടെ നടപടി സമൂഹത്തോടുള്ള ദ്രോഹമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം പരിശോധന നടത്താതെ കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ് നൽകിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍ എം ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ. വി അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

പരിശോധനകൾ നടത്താതെ ആർ എം ഒ ഉൾപ്പെടെയുള്ളവർ 300 രൂപ കൈക്കൂലി വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപതോളം പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടർ ഒപ്പിട്ടുനൽകുന്ന സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് ഹെൽത്ത് കാർഡ് നൽകേണ്ടത്. ഇത്തരത്തിൽ നൽകേണ്ട കാർഡുകൾ ഡോക്ടർമാർ കൈക്കൂലി വാങ്ങി ഒപ്പിട്ടുനൽകുകയായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർക്കാർ ഹെൽത്ത് കാർഡുകൾ ഏർപ്പെടുത്തിയത്.ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു