ലക്ഷ്യം 4.5% ധനക്കമ്മി: ചെലവ് നിയന്ത്രിക്കാൻ കേന്ദ്രം

Friday 03 February 2023 2:37 AM IST

കൊച്ചി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 2025-26ഓടെ ജി.ഡി.പിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്ന് ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2021-22ൽ 6.7 ശതമാനമായിരുന്നു ഇത്. നടപ്പുവർഷത്തെ പ്രതീക്ഷ 6.4 ശതമാനമാണ്. അടുത്തവർഷം (2023-24) 5.9 ശതമാനത്തിലേക്കും താഴും.

കേന്ദ്രസർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരമാണ് ധനക്കമ്മി. 2021-22ൽ ധനക്കമ്മി 10.89 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 10.33 ലക്ഷം കോടി രൂപയായി നിയന്ത്രിച്ചു. അടുത്ത രണ്ടുവർഷങ്ങളിൽ ധനക്കമ്മി നിയന്ത്രിക്കാൻ ചെലവ് കുത്തനെ കുറയ്ക്കാനാണ് കേന്ദ്രം പ്രധാനമായും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറച്ചു. സബ്സിഡിഭാരവും അടുത്തവർഷം കുറയുമെന്നാണ് വിലയിരുത്തലുകൾ.

തൊഴിലുറപ്പിന് പണം കുറവ്

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ഇക്കുറി ബഡ്‌ജറ്റിൽ വകയിരുത്തിയത് 60,​000 കോടി രൂപയാണ്. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞവിഹിതം. നടപ്പുവർഷത്തെ ബഡ്‌ജറ്റ് വിഹിതമായ 73,000 കോടി രൂപയേക്കാൾ 18 ശതമാനവും കുറവാണിത്.

2020-21ൽ അനുവദിച്ചത് 61,​500 കോടി രൂപയായിരുന്നു. 2021-22ൽ 73,​000 കോടിയും. കഴിഞ്ഞവർഷത്തെ ബഡ്‌ജറ്റിൽ ആദ്യം വകയിരുത്തിയ തുകയിൽ നിന്ന് 25 ശതമാനം കുറച്ചാണ് 73,000 കോടി രൂപ അനുവദിച്ചത്. ഫണ്ട് തികയാതെ വന്നതോടെ ഗ്രാമവികസന മന്ത്രാലയം 25,000 കോടി കൂടി ചോദിച്ചപ്പോൾ കേന്ദ്രം 16,000 കോടി അനുവദിച്ചു. ഇതോടെയാണ് ആകെ നീക്കിയിരുപ്പ് 89,000 കോടി രൂപയായത്.

100 തൊഴിൽ ദിനം സ്വപ്നം

 നടപ്പുവർഷം വെറും 3 ശതമാനം പേർ മാത്രമാണ് 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയത്.

 ജനുവരി 20വരെ ശരാശരി തൊഴിൽദിനങ്ങൾ 42. അഞ്ചുവർഷത്തെ താഴ്ച.

 എല്ലാവരും 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കണമെങ്കിൽ 2.72 ലക്ഷം കോടി വേണം.

 40 തൊഴിൽ ദിനങ്ങൾ അനുവദിച്ചാൽ തന്നെ വേണ്ടിവരുക 1.24 ലക്ഷം കോടി രൂപ.

സബ്സിഡിഭാരം താഴേക്ക്

കേന്ദ്രസർക്കാരിന്റെ സബ്സിഡി ബാദ്ധ്യത നടപ്പുവർഷം 2.03 ലക്ഷം കോടി രൂപയിൽ നിന്ന് 5.21 ലക്ഷം കോടി രൂപയിലെത്തിയേക്കും. എന്നാൽ, അടുത്തവർഷം ഇത് 3.74 ലക്ഷം കോടി രൂപയായി കുറയുമെന്നാണ് വിലയിരുത്തൽ. ധനക്കമ്മി കുറയാൻ ഇത് കേന്ദ്രത്തിന് തുണയാകും.

ധനക്കമ്മി ഇതുവരെ

2018-19 : 3.40%

2019-20 : 4.60%

2020-21 : 9.30%

2021-22 : 6.70%

2022-23 : 6.40%*

2023-24 : 5.9%*

2025-26 : 4.5%*

(*കേന്ദ്രത്തിന്റെ പ്രതീക്ഷ)​