പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം,  രജിസ്ട്രേഷൻ ക്യാംപെയിൻ ആരംഭിച്ചു

Thursday 02 February 2023 9:36 PM IST

തിരുവനന്തപുരം: പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന ഐ ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം
പ്രത്യേക ക്യാംപെയ്ൻ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ ഡി, സ്റ്റുഡന്‍സ് ഐ ഡി, എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ്, പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ക്യാംപെയിൻ.

ഐ ഡി കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഉതകുന്നതിനാണ് ഐ ഡി കാർഡ് സേവനങ്ങൾ.


വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഐ ഡി കാർഡ് ലഭിക്കും. ആറു മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുളള വിസ, പാസ്സ്പോർട്ട് എന്നിവയുളള പ്രവാസികൾക്ക് പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. മേൽ സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ് ഓഫീസ് 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement
Advertisement