പുതിയ ഉയരത്തിൽ സ്വർണവില

Friday 03 February 2023 3:34 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നലെ എക്കാലത്തെയും ഉയരത്തിലെത്തി. 480 രൂപ വർദ്ധിച്ച് പവൻവില 42,880 രൂപയായി. 60 രൂപ ഉയർന്ന് 5,360 രൂപയാണ് ഗ്രാമിന്. ജനുവരി 26ലെ പവൻവിലയായ 42,480 രൂപയായിരുന്നു ഇതിനു മുമ്പത്തെ റെക്കാഡ്. അന്ന് ഗ്രാമിന് 5,310 രൂപയായിരുന്നു.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കൂട്ടിയ പശ്ചാത്തലത്തിൽ രാജ്യാന്തര സ്വർണവില ഉയർന്നതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. 1922 ഡോളറിൽ നിന്ന് രാജ്യാന്തരവില ഔൺസിന് ഇന്നലെ 1,959 ഡോളർ വരെ ഉയർന്നിരുന്നു.

₹46,400

മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേരുമ്പോൾ 46,400 രൂപയെങ്കിലും കൊടുത്താലേ ഒരു പവൻ സ്വർണാഭരണം വാങ്ങാനാകൂ.

 നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് കാൽ ശതമാനം പലിശനിരക്ക് വർദ്ധനയാണ് വരുത്തിയത്.

 ഇതോടെ അടിസ്ഥാന പലിശനിരക്ക് 4.5-4.75 ശതമാനമായി. കഴിഞ്ഞ മാർച്ചിൽ നിരക്ക് പൂജ്യം ശതമാനത്തിന് അടുത്തായിരുന്നു.