പ്രളയകാലത്ത് ഏറ്റെടുത്ത മണ്ണെണ്ണയുടെ വില നൽകാതെ അധികൃതർ; മണ്ണെണ്ണയുടെ പണം എവിടെ ?

Friday 03 February 2023 12:55 AM IST

പത്തനംതിട്ട : പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ബോട്ടുകൾക്കും വെളിച്ചത്തിന് ഉപയോഗിച്ച ജനറേറ്ററുകൾക്കും നൽകിയ മണ്ണെണ്ണയുടെ പണം റേഷൻ വ്യാപാരികൾക്ക് ഇതുവരെ നൽകിയില്ല. കളക്ടറേറ്റിലെ ദുരന്തനിവരാണ വിഭാഗമാണ് പണം നൽകേണ്ടത്. ജില്ലാ കളക്ടർക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽകിയെങ്കിലും പണം നൽകാനുള്ള നടപടിയുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.

ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകളിൽ നിന്ന് 5068 ലിറ്റർ മണ്ണെണ്ണയാണ് ഏറ്റെടുത്തത്. 2018ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീടുകളിൽ നിന്ന് ആളുകളെ രക്ഷപെടുത്താൻ കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്ന് എത്തിച്ച ബോട്ടുകൾക്ക് മണ്ണെണ്ണെ ആവശ്യമായി വന്നപ്പോൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടായിരുന്ന മണ്ണെണ്ണ വിട്ടു നൽകുകയായിരുന്നു. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകളിൽ വെളിച്ചം എത്തിക്കാൻ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചതിനും മണ്ണെണ്ണ ആവശ്യമായി വന്നിരുന്നു. തിരുവല്ല താലൂക്കിൽ നിന്നാണ് ഏറ്റവും അധികം മണ്ണെണ്ണ ഏറ്റെടുത്തത്. മൂന്നര ലക്ഷത്തോളം രൂപയുടെ മണ്ണെണ്ണ അധികൃതർ ഏറ്റെടുത്തുവെന്ന് വ്യാപാരികൾ പറയുന്നു. പണം ചോദിക്കുമ്പോൾ താലൂക്ക് സപ്ളൈ ഒാഫീസർമാരും ജില്ലാ സപ്ളൈ ഒാഫീസറും കൈമലർത്തുകയാണ്.

ഏറ്റെടുത്ത മണ്ണെണ്ണയുടെ കണക്ക് ലിറ്ററിൽ

തിരുവല്ല : 3560

അടൂർ : 1005

കോഴഞ്ചേരി : 325

റാന്നി : 91

മല്ലപ്പള്ളി : 45

കോന്നി : 42

ഏറ്റെടുത്തത് 5068 ലിറ്റർ മണ്ണെണ്ണ

റേഷൻ വ്യാപാരികൾക്ക് കിട്ടാനുള്ളത് 3.50 ലക്ഷം

'' പ്രളയത്തിൽ മുങ്ങിയ നാടിനെ രക്ഷിക്കാൻ റേഷൻ വ്യാപാരികൾ സന്തോഷത്തോടെയാണ് മണ്ണെണ്ണ വിട്ടുനൽകിയത്. പണം പിന്നീട് നൽകുമെന്ന് അധികൃതർ വാക്ക് തന്നിരുന്നു. എന്നാൽ, പല തവണ നിവേദനം സമർപ്പിച്ചിട്ടും ലഭിച്ചില്ല.

എം.ബി.സത്യൻ, സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ്

അസോസിയേഷൻ ജില്ലാ പ്രസിഡന്റ്.