വൃദ്ധദമ്പതികൾ പണിത വീടിന്റെ ഗൃഹപ്രവേശനം ഇന്ന്, ഇൗ വീട് സ്വർഗമാണ്

Friday 03 February 2023 12:58 AM IST

കോന്നി : കലഞ്ഞൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ കഞ്ചോട് മണിഭവനത്തിൽ വിക്രമൻപിള്ളയും ഭാര്യ മണിയും ഇന്ന് പുതിയ വീട്ടിൽ താമസം തുടങ്ങും. ഇരുവരുടെയും കഠിനദ്ധ്വാനവും ലൈഫ് പദ്ധതിയും കൈകോർത്തതോടെയാണ് സ്വപ്നഭവനം യാഥാർത്ഥ്യമായത്.

സ്വന്തമായി ഭൂമിയില്ലാതിരുന്ന ദമ്പതികൾക്ക് ഭൂരഹിത ഭവനരഹിതർക്ക് വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് ലൈഫ് പദ്ധതിയിൽ തുക അനുവദിക്കുകയായിരുന്നു. വസ്തു വാങ്ങുന്നതിന് 2 ലക്ഷം രൂപയും വീടിന് 4 ലക്ഷം രൂപയുമാണ് അനുവദിച്ചത്. രണ്ടു ലക്ഷം രൂപയ്ക്ക് സ്ഥലം കിട്ടാതെ വന്നതോടെ അധികമായി വേണ്ടിവന്ന ഒന്നേകാൽ ലക്ഷം രൂപ സ്വർണമാല വിറ്റാണ് മണി കണ്ടെത്തിയത്. 4 ലക്ഷംരൂപ കൊണ്ട് വീട് പൂർത്തിയാകില്ലെന്ന തിരിച്ചറിവിൽ 66 കാരനായ വിക്രമൻ പിള്ളയും 58 വയസുള്ള ഭാര്യ മണിയും മേസ്തരിയും സഹായിയുമായി മാറുകയായിരുന്നു.

2 കിടപ്പുമുറികളും ഹാളും അടുക്കളയും വരാന്തയുമുള്ള 420 സ്ക്വയർ ഫീറ്റ് വീട് ഇവർ ആറ് മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ചു. നാല് ദിവസം കൊണ്ട് മേൽക്കൂരയുടെ വാർപ്പ് പൂർത്തിയാക്കി. നിർമ്മാണ സാമഗ്രികൾ മുകളിൽ എത്തിക്കാൻ തടി ഏണിയിൽ കപ്പി കെട്ടി സംവിധാനം ഒരുക്കിയത് നാട്ടുകാർക്ക് കൗതുകമായി. മക്കളില്ലാത്ത ദമ്പതികളുടെ വീട് നിർമ്മാണത്തിന് സഹായവുമായി ചിലരും എത്തിയിരുന്നു.

ഗൃഹപ്രവേശനം ഇന്ന്

രാവിലെ 9.30ന്

മേസ്തിരിപ്പണി കരുത്തായി

40 വർഷം ജില്ലയുടെ പലഭാഗങ്ങളിൽ മേസ്തിരിപ്പണി ചെയ്തതിന്റെ അനുഭവമാണ് പണികൾ ഒറ്റയ്ക്ക് ഏറ്റെടുക്കാൻ വിക്രമൻപിള്ളയ്ക്ക് ധൈര്യം നൽകിയത്. തൊഴിലുറപ്പ് പണിയിലെ അനുഭവം മാത്രമുള്ള മണി ഭർത്താവിനൊപ്പം സഹായിയായി നിന്നു. കലഞ്ഞൂരിലെ വാടകവീട്ടിൽ നിന്ന് ദിവസവും രാവിലെ 7ന് എത്തി ഇരുവരും വൈകിട്ട് 6 വരെ പണി ചെയ്താണ് വീട് പൂർത്തിയാക്കിയത്.

Advertisement
Advertisement