മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ ചികിത്സാ നടപടികൾക്ക് മുമ്പ് രോഗിയുടെ ബന്ധുക്കളുടെ സമ്മതപത്രം വാങ്ങണം

Friday 03 February 2023 12:15 AM IST
doctor

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സാസമയത്ത് എന്ത് നടപടികൾ സ്വീകരിക്കുന്നതിന് മുമ്പും രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം നിർബന്ധമായും ആശുപത്രി അധികൃതർ വാങ്ങിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മലാപറമ്പ ഇഖ്ര ആശുപത്രിയിൽ പ്രസവത്തിനെത്തിച്ച യുവതി മരിച്ചത് ചികിത്സാപിഴവ് കാരണമാണെന്ന പരാതിയെക്കുറിച്ച് വിദഗ്ദ്ധ സമിതി അന്വേഷിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടിരുന്നു.

വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലായാണ് ഡി.എം.ഒ. ഇക്കാര്യം കമ്മിഷനെ അറിയിച്ചത്. കക്കട്ടിൽ അരീക്കര അമ്മൂമ്മ ഭവനത്തിൽ എം.പി. അനീഷാണ് പരാതിക്കാരൻ. അനീഷിന്റെ ഭാര്യ ദിബിഷയാണ് 2021 ഓഗസ്റ്റ് 28 ന് മരിച്ചത്. ദിബിഷയെ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് ബന്ധുക്കളുടെ സമ്മതം വാങ്ങിയില്ലെന്നായിരുന്നു ആരോപണം. ഡി.എം.ഒയുടെ നിർദ്ദേശാനുസരണം ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രോഗിക്ക് പെട്ടെന്ന് ചികിത്സ നൽകേണ്ട സാഹചര്യത്തിൽ പോലും അക്കാര്യം ബന്ധുക്കളെ ബോദ്ധ്യപ്പെടുത്തണമെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണീറ്റിൽ വേണ്ടത്ര സജ്ജീകരണങ്ങളും മാനവ വിഭവശേഷിയും ഉറപ്പാക്കണം. വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ചികിത്സ പിഴവുണ്ടെന്ന് കണ്ടെത്തിയിട്ടും സ്റ്റേറ്റ് ലെവൽ അപ്പക്സ് ബോഡി അന്വേഷണം അവസാനിപ്പിച്ചത് സ്വകാര്യ ആശുപത്രിയെ രക്ഷിക്കാനാണെന്ന് പരാതിക്കാരൻ ആരോപിച്ചു. ചികിത്സാ പിഴവിനുള്ള പരിഹാരമായി പരാതിക്കാരനോട് സിവിൽ/ക്രിമിനൽ കോടതിയെ സമീപിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.