തുടച്ചുനീക്കാം ലഹരിയെ നാടകയാത്രയുമായി  കേരള മഹിളാ സമഖ്യ സൊസൈറ്റി

Friday 03 February 2023 12:17 AM IST
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ അരങ്ങേറിയ നാടകത്തിൽ നിന്ന്

കോഴിക്കോട്: തുടച്ച് നീക്കാം ലഹരിയെ, ജീവിതത്തെ മുറുകെപ്പിടിക്കാം എന്ന ആശയത്തിലൂന്നി നാടകയാത്രയുമായികേരള മഹിളാ സമഖ്യ സൊസൈറ്റി. വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെയും യുവതലമുറയെ കാർന്നു തിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയും സമൂഹത്തിനെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഡ്സൺകോർണറിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാടകയാത്ര അരങ്ങേറിയത്.

മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 നാണ് കാസർകോട് നിന്ന് നാടകയാത്ര ആരംഭിച്ചത്. ആശ (തിരുവനന്തപുരം), കമലു, രാജമ്മ (മലപ്പുറം) ഗായത്രി പത്തനംതിട്ട, രമണി , ലീല വയനാട്, സുഷമ , ആതിര കണ്ണൂർ കാർത്ത്യായനി കാസർകോട് എന്നിവരാണ് അഭിനേതാക്കൾ. ജെ.ഡി.ടി ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലും നാടകം അരങ്ങേറി. ജെ.ഡി.ടി ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി എക്സെെസ് കമ്മിഷണർ വി.രാജേന്ദ്രൻ പങ്കെടുത്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പ്രസംഗിച്ചു. മഹിളാ സമഖ്യ സ്റ്റേറ്റ് കൺസൾട്ടന്റ് ബോബി ജോസഫ്, മലപ്പുറം റജിന എന്നിവർ നാടകചർച്ച നയിച്ചു, കണ്ണൂർ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ അസിറ എൻ.പി പദ്ധതി വിശദീകരിച്ചു. നാടകയാത്ര ഫെബ്രുവരി 16 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.