സുപ്രീംകോടതി നിരീക്ഷണം കേരളത്തിലെ കുറഞ്ഞ വിരമിക്കൽപ്രായം അനീതി

Friday 03 February 2023 12:49 AM IST

ന്യൂഡൽഹി: കേരളത്തിൽ വിരമിക്കൽ പ്രായം 56 ആയി തുടരുന്നതിൽ അമ്പരപ്പും നിരാശയും പ്രകടിപ്പിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്‌തോഗി ഇത് അനീതിയാണെന്നും ഓർമ്മിപ്പിച്ചു.

ഇന്നലെ മെഡിക്കൽ മേഖലയിലെ വിരമിക്കൽ പ്രായം സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം. ഇപ്പോൾ വിവാഹപ്രായം ശരാശരി 28 വയസ്സാണ്. 56 വയസ്സാകുമ്പോഴേക്കും കുടുംബ ബാദ്ധ്യതകൾ നിറവേറ്റാൻ കഴിയാതെ വിരമിക്കേണ്ടിവരും. കുട്ടികൾ കോളേജിൽ പഠിക്കുമ്പോൾ രക്ഷിതാവ് വിരമിക്കും.

എന്നാൽ, നിരവധി യുവാക്കൾ ബിരുദവും ബിരുദാനന്തര ബിരുദവും നേടി തൊഴിലിനായി നിൽക്കുമ്പോൾ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ കഴിയാത്ത മറുവശമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ വി.ഗിരി ചൂണ്ടിക്കാട്ടി.

രണ്ട് പ്രശ്നങ്ങളും ബാലൻസ് ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് രസ്തോഗി പറഞ്ഞു. പല സംസ്ഥാനങ്ങളിലും വിരമിക്കൽ പ്രായം 60 വയസ്സാണെന്നും ചൂണ്ടിക്കാട്ടി. വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാനുള്ള നിർദേശം വരുമ്പോഴൊക്കെ വിദ്യാർത്ഥി സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പുയരുകയാണെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ പറഞ്ഞു.