സഹകരണ ഉത്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡിംഗ്
തിരുവനന്തപുരം: സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ ഏകീകൃത ബ്രാൻഡിംഗിനു കീഴിൽ വിപണിയിൽ സജീവമാകുമെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി 'ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ് ഒഫ് കോ-ഓപ്പറേറ്റീവ് പ്രോഡ്രക്ട്സ്' എന്ന പദ്ധതിക്ക് രൂപം നൽകി.
ഉല്പന്നങ്ങളെ ഒറ്റ ബ്രാൻഡിന് കീഴിൽ പൊതു ട്രേഡ് മാർക്കോടെ വിപണിയിലെത്തിക്കുന്നതിന് കോപ് കേരള എന്ന ട്രേഡ് മാർക്ക് രൂപകൽപന ചെയ്തിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കോപ്പ് കേരളയിലൂടെ വിപണി ശൃംഖല സാദ്ധ്യമാക്കും. കേരളത്തിൽ പ്രധാന സ്ഥലങ്ങളിൽ കോപ് മാർട്ട് എന്നപേരിൽ ഔട്ട്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 12 സംഘങ്ങളുടെ 28 ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗായി. ഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാക്കുക, ഓൺലൈൻ വിപണി സൃഷ്ടിക്കുക, ദേശീയ അന്തർദേശീയ വിപണിയിലേക്ക് സഹകരണ മേഖലയിലെ ഉത്പന്നങ്ങൾ എത്തിക്കുക എന്നിവയും ഇതുവഴി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്പും വെബ് അപ്ലിക്കേഷൻ സോഫ്റ്റ് വെയറും തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു.