കേന്ദ്ര വൈദ്യുതി ചട്ട ഭേദഗതി ഉപഭോക്താക്കളെ ബാധിക്കും: മന്ത്രി

Friday 03 February 2023 12:53 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് കേന്ദ്രം വൈദ്യുതി ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മാസം തോറും ഉണ്ടാകുന്ന വൈദ്യുതി വില വർദ്ധന സംസ്ഥാനത്തെ ഉപഭോക്താക്കളെയും ബാധിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു. അതേസമയം ചട്ടഭേദഗതി കെ.എസ്.ഇ.ബിയുടെ പ്രവർത്തന അധികാരത്തെ ബാധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 736.27 കോടി പ്രവർത്തന ലാഭമുണ്ടായതായും 2022 ഡിസംബർ 31 വരെയുള്ള കണക്കു പ്രകാരം കുടിശിക ഇനത്തിൽ ബോർഡിന് 3,030.53 രൂപ പിരിച്ചെടുക്കാനുള്ളതായും മന്ത്രി അറിയിച്ചു.

ബോർഡിന്റെ ഡാമുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം വീണ്ടും പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി, പള്ളിവാസൽ എന്നീ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാദ്ധ്യതാ പഠനങ്ങൾക്കായി ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനവുമായി ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന് ഏതെങ്കിലും സ്ഥാപനത്തെ നിലവിൽ ഉദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര സഹായം ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗര മാലിന്യ സംസ്‌കരണ പ്രശ്ന പരിഹാരത്തിനായി ഖരമാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്തെ 10 ജില്ലകളിൽ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം- കുരീപ്പുഴ, ഇടുക്കി- മൂന്നാർ, എറണാകുളം- ബ്രഹ്മപുരം, തൃശൂർ- ഒല്ലൂക്കര, പാലക്കാട്, മലപ്പുറം- തിരൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു.