രണ്ട് സീറ്റുകളിൽ മത്സരിക്കുന്നതിന് എതിരായ ഹർജി തള്ളി

Friday 03 February 2023 12:54 AM IST

ന്യൂഡൽഹി:ഒരു സ്ഥാനാർത്ഥി ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിനെതിരെ നൽകിയ പൊതു താല്പര്യ ഹർജി സുപ്രീം കോടതി തള്ളി. 1951 ലെ ജനപ്രാതിനിദ്ധ്യ നിയമം 33(7) വകുപ്പ് പ്രകാരം സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാൻ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. ഒരു സ്ഥാനാർത്ഥി രണ്ട് സീറ്റുകളിൽ മത്സരിക്കുന്നതിലൂടെയുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പ് പൊതു ഖജനാവിന് നഷ്ടം വരുത്തുന്നതായി ചൂണ്ടിക്കാട്ടി അശ്വനി ഉപാദ്ധ്യായ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയമ നിർമ്മാണ സഭയായ പാർലമെന്റാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം അവസരങ്ങൾ ഒരു വ്യക്തിക്ക് അനുവദിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാന നമെടുക്കേണ്ടത് പാർലമെന്റായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.