കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരും മനുഷ്യരാണെന്ന് മറക്കരുത്: ഹൈക്കോടതി

Thursday 02 February 2023 10:56 PM IST

കൊച്ചി: വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരും മനുഷ്യരാണെന്നത് മറക്കരുതെന്നും അവർക്കുള്ള പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ രണ്ടു വർഷം നൽകാനാവില്ലെന്നും ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം നൽകണമെന്ന ഉത്തരവു പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

പ്രതിമാസം കൃത്യമായ ഒരു തുക പെൻഷനു വേണ്ടി മാറ്റിവയ്ക്കാതെ നിവൃത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പരമാവധി ആറുമാസം അനുവദിക്കാമെന്നും പറഞ്ഞു. ആനുകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള പട്ടികയും ഇതിനു ഫണ്ട് കണ്ടെത്തുന്നതിനുള്ള വിവരങ്ങളും ഉൾപ്പെടെ വിശദമായ പദ്ധതി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഇതിനായി കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ സമയം തേടിയതിനാൽ ഹർജികൾ പിന്നീടു പരിഗണിക്കാൻ മാറ്റി.

കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ആനുകൂല്യങ്ങൾ നാലുമാസത്തിനകം കൊടുത്തു തീർക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് പുനപ്പരിശോധനാ ഹർജികൾ നൽകിയത്.