ക്ഷേമ പെൻഷൻ മുടങ്ങില്ല: ധനമന്ത്രി

Friday 03 February 2023 12:59 AM IST

തിരുവനന്തപുരം: ക്ഷേമ പെൻഷൻ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും എത്ര ബുദ്ധിമുട്ടിയാലും അത് വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ഡിസംബറിലേയും ജനുവരിയിലേയും സാമൂഹ്യ സുരക്ഷ പെൻഷൻ നൽകിയിട്ടില്ല.

അതതു മാസത്തെ പെൻഷൻ എല്ലാ മാസവും 20നും 30നുമിടയിൽ വിതരണം ചെയ്യാൻ ഉത്തരവിറക്കിയിട്ടുണ്ട്. ഇതുപ്രകാരം 2020 സെപ്തംബർ മുതൽ പരമാവധി സമയക്രമം പാലിച്ച് പെൻഷൻ വിതരണം ചെയ്യാറുണ്ട്. എന്നാൽ ചില മാസങ്ങളിൽ രണ്ടു മാസത്തെ പെൻഷൻ ഒരുമിച്ചും നൽകിയിട്ടുണ്ട്.

കേന്ദ്രബഡ്ജറ്റ് സംസ്ഥാനത്തിന് വലിയ നിരാശയുണ്ടാക്കുന്നതാണ്. സാധാരണ ലഭിക്കുന്ന പരിഗണന പോലും ഇക്കുറിയുണ്ടായില്ല. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ എല്ലാം തങ്ങൾക്ക് കീഴിലാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. തൊഴിലുറപ്പ് പദ്ധതി വിഹിതം വലിയ തോതിൽ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യവിതരണത്തിനുള്ള വിഹിതത്തിൽ 40 ശതമാനം കുറവുണ്ടായി.


2022-23 സാമ്പത്തിക വർഷത്തിൽ പദ്ധതിയിനത്തിൽ ആകെ 17,310.37 കോടി ചെലവഴിച്ചു. ഇത് പദ്ധതി വിഹിതത്തിന്റെ 57 ശതമാനമാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും റവന്യു കമ്മി കുറച്ചുകൊണ്ട് വരാനാണ് സർക്കാർ ശ്രമിക്കുന്നത്.

Advertisement
Advertisement