നടി കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ റിപ്പോർട്ടു തേടി

Friday 03 February 2023 12:01 AM IST

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ, കേസ് വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നു വ്യക്തമാക്കി റിപ്പോർട്ടു നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദ്ദേശം നൽകി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഹർജി 13നു വീണ്ടും പരിഗണിക്കും. നടൻ ദിലീപ് ഉൾപ്പെടെ പ്രതികളായ കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. പൾസർ സുനി നൽകിയ ജാമ്യാപേക്ഷയിൽ, നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേ, വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയം അവസാനിച്ചതും കണക്കിലെടുത്താണ് സുനി വീണ്ടും ജാമ്യാപേക്ഷ നൽകിയത്.

2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടി ആക്രമിക്കപ്പെട്ടത്.

അതേ സമയം, കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി തേടി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ സുപ്രീം കോടതിക്ക് അപേക്ഷ നൽകും.