കേരള ബാങ്കിൽ എൻ.ആർ.ഐ നിക്ഷേപം വരും: മന്ത്രി വാസവൻ

Friday 03 February 2023 12:03 AM IST

തിരുവനന്തപുരം: കേരള ബാങ്കിൽ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണം ഒരുക്കുകയാണെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞു. ന്യൂജെൻ ബാങ്കുകളോട് കിടപിടിക്കാവുന്ന രീതിയിൽ കേരള ബാങ്കിനെ നവീകരിക്കും. സഹകരണ ബാങ്കുകൾ വഴി വ്യക്തികൾക്ക് സൗരോർജം ഉപയോഗിച്ച് വൈദ്യുതി നിലയങ്ങൾ ആരംഭിക്കുന്നതിനായി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കും.

സഹകരണ സംരക്ഷണനിധി രൂപീകരിച്ചു. ഇതിൽ നിന്ന് 60.25 കോടി കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് നൽകി. കരുവന്നൂരിൽ 40 കോടിയുടെ പുതിയ നിക്ഷേപം വന്നത് പദ്ധതിയുടെ ഗുണഫലമാണ്. സഹകരണമേഖലയിൽ നിന്നുള്ള ഉല്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. അമേരിക്കയിലേക്ക് വാട്ടക്കപ്പ അയച്ചുകഴിഞ്ഞു. ഈ വർഷവും സഹകരണ എക്സ്‌പോ നടത്തും. കോട്ടയത്ത് സ്ഥാപിക്കുന്ന അക്ഷര മ്യൂസിയത്തിന്റെ ഒന്നാംഘട്ടം സെപ്തംബറിൽ ഉദ്ഘാടനം ചെയ്യും.

കേന്ദ്രം ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് മൂന്ന് അന്തർ സംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചതായ വാർത്ത ശ്രദ്ധയിൽപ്പെട്ടെങ്കിലും രേഖാമൂലമുള്ള വിവരങ്ങളോ നിർദ്ദേശങ്ങളോ ലഭിച്ചിട്ടില്ല.