ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി അഡ്വ. സൈബി പണം വാങ്ങിയത് 2020-22 കാലത്തെന്ന് എഫ്.ഐ.ആർ
കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ 2020 ജൂലായ് 19 മുതൽ 2022 ഏപ്രിൽ 29 വരെയുള്ള കാലയളവിലാണ് കക്ഷികളിൽ നിന്ന് പണം വാങ്ങിയതെന്ന് എറണാകുളം സെൻട്രൽ പൊലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ പറയുന്നു. അന്യായമായി ലാഭമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഹൈക്കോടതിയിലുള്ള കേസുകളിൽ ജഡ്‌ജിമാർക്ക് കൈക്കൂലി നൽകണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കക്ഷികളിൽ നിന്ന് അമിതമായി പണം വാങ്ങി. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് (നിയമവിരുദ്ധമായി പ്രതിഫലം കൈപ്പറ്റൽ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
ഹൈക്കോടതി ജഡ്‌ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനാണെന്നു പറഞ്ഞ് വിവിധ കക്ഷികളിൽ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ചീഫ് ജസ്റ്റിസിന് റിപ്പോർട്ടു നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി ഫുൾകോർട്ട് യോഗം ചേർന്നാണ് അന്വേഷണം നടത്താൻ ഡി.ജി.പിയോട് നിർദ്ദേശിച്ചത്.