പരിശോധന ഏതുമില്ല, കൈക്കൂലി വാങ്ങി ഹെൽത്ത് കാർഡ് , 3 ഡോക്ടർമാർക്ക് സസ്‌പെൻഷൻ

Friday 03 February 2023 4:04 AM IST

 ഡിജിറ്റൽ കാർഡ് വരും

തിരുവനന്തപുരം : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഹോട്ടൽ ജീവനക്കാർക്ക് നിർബന്ധമാക്കിയ ഹെൽത്ത് കാർഡിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പരിശോധനയൊന്നും നടത്താതെ കൈക്കൂലി വാങ്ങി നൽകിയ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ.വി.അമിത്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായ അയിഷ വി.ഗോവിന്ദ്, വിൻസ വിൻസെന്റ് എന്നിവർക്കെതിരെയാണ് നടപടി. പാർക്കിംഗ് ഫീ പിരിക്കുന്ന താത്കാലിക ജീവനക്കാരൻ അനിലായിരുന്നു ഇടനിലക്കാരൻ. ഇയാളെ പിരിച്ചുവിട്ടു.

സമൂഹത്തോടുള്ള ക്രൂരതയോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഡോക്ടർമാരുടെ മെഡിക്കൽ രജിസട്രേഷൻ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ പരിശോധിക്കാൻ മെഡിക്കൽ കൗൺസിലിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വീണാജോർജ് അറിയിച്ചു. വ്യാജ കാർഡ് നൽകുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് കാർഡ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഡോ. അമിത് 300രൂപ വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്ന ദൃശ്യങ്ങളാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. പിന്നാലെ, മറ്റുള്ള ഡോക്ടർമാരും സമാനമായ രീതിയിൽ സർട്ടിഫിക്കറ്റ് നൽകുന്നത് പുറത്തുവന്നു.

ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് ഫോം ഡൗൺ ലോഡ് ചെയ്ത് ഡോക്ടറെക്കണ്ട് രക്ത, ശാരീകരിക പരിശോധനകൾക്ക് ശേഷമേ കാർഡ് അനുവദിക്കാവൂ. ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാർ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി വ്യാപാരികൾ ആരോപിച്ചിരുന്നു. ഇതിനോടകം നൽകിയ എല്ലാ കാർഡുകളും റദ്ദാക്കണമെന്നും പകരം പുതിയ സംവിധാനം കൊണ്ടുവരണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

സീൽ സെക്യൂരിറ്റിയുടെ മേശയിൽ

ഡോ. അമിത് ഒപ്പിടുന്ന പച്ചമഷി പേനയും അദ്ദേഹത്തിന്റെ സീലും സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. ഈ മുറിയിൽ വച്ചാണ് പണം വാങ്ങി സർട്ടിഫിക്കറ്റ് എഴുതി സീൽ പതിച്ച് നൽകിയത്.

Advertisement
Advertisement