സിദ്ധിഖ് കാപ്പൻ മോചിതനായി
ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്നലെ ലക്‌നൗ ജയിലിൽ നിന്ന് മോചിതനായി ഡൽഹിയിലെത്തി. ജാമ്യ വ്യവസ്ഥയനുസരിച്ച് ആറാഴ്ച്ച ഡൽഹിയിൽ തങ്ങിയ ശേഷമേ കേരളത്തിലേക്ക് മടങ്ങൂ. ലക്‌നൗ ജയിലിന് പുറത്ത് ഭാര്യ റൈഹാനത്ത് കാപ്പനെ സ്വീകരിച്ചു.
യു.എ.പി.എ, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ചുമത്തപ്പെട്ട കാപ്പൻ രണ്ട് രണ്ട് വർഷവും മൂന്ന് മാസവും തടവിൽ കഴിഞ്ഞ ശേഷമാണ് മോചിതനാവുന്നത്. കാപ്പനെ വിട്ടയക്കാൻ ലക്‌നൗ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജയിലധികൃതർക്ക് ഉത്തരവ് നൽകിയിരുന്നു.
2020 ഒക്ടോബർ അഞ്ചിനാണ് കാപ്പനെയും ഒപ്പമുള്ള മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും കലാപം സൃഷ്ടിക്കാനാണ് ഹാഥ്‌രസിലേക്ക് പോയതെന്നും ആരോപിച്ചാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. കാപ്പന്റെ അക്കൗണ്ടിലെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കിയില്ലെന്ന് കാട്ടിയാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
യു.എ.പി.എ കേസിൽ കഴിഞ്ഞ സെപ്തംബർ 9ന് സുപ്രീം കോടതിയും തുടർന്ന് ഇ.ഡി കേസിൽ ഡിസംബർ 23ന് അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചു. 2021ഫെബ്രുവരിയിൽ അമ്മയെ കാണാൻ അഞ്ച് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഫെബ്രുവരി ഒന്നിന് ജാമ്യ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് ഇന്നലെ മോചിതനായത്.
......പുറത്തിറങ്ങിയതിൽ സന്തോഷം. തനിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചത്. തനിക്കൊപ്പം ജയിലിലായവർക്ക് പുറത്തിറങ്ങാനായിട്ടില്ല. ആ നിലയിൽ നീതി നടപ്പായെന്ന് പറയാനാകില്ല. റിപ്പോർട്ടിംഗിന് പോയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ബാഗിൽ നിന്ന് നോട്ട് പാഡും പേനയും മാത്രമാണ് പൊലീസിന് കിട്ടിയത്.
സിദ്ദിഖ് കാപ്പൻ മാദ്ധ്യമങ്ങളോട്