കേന്ദ്രബഡ്ജറ്റ് മാതൃകയാക്കണം: കെ.സുരേന്ദ്രൻ

Friday 03 February 2023 12:07 AM IST

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ബഡ്ജറ്റിനെ മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളമുൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ബഡ്ജറ്റിൽ അർഹമായ സഹായം ലഭിച്ചുവെന്നും കേരളത്തെ പരിഗണിച്ചില്ലെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന് ഏറ്റവും മികച്ച പരിഗണനയാണ് ലഭിച്ചത്. സംസ്ഥാനത്തിന് കേന്ദ്ര നികുതി വിഹിതമായി നീക്കിവച്ച 19,702 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ നൽകിയ 15720.5 കോടി രൂപയേക്കാൾ 4000 കോടി അധികമാണ്. യു.പി.എ സർക്കാർ 10വർഷം കൊണ്ട് അനുവദിച്ചതിന്റെ നാലിരട്ടി എൻ.ഡി.എ സർക്കാർ ഒമ്പത് വർഷം കൊണ്ട് അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സ്ഥാപനങ്ങൾക്കും തുക വകയിരുത്തി. റെയിൽവേയ്ക്ക് അനുവദിച്ച 2.40 ലക്ഷം കോടി രൂപയിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്നുറപ്പായിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ലെന്ന് വ്യാജപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.