പത്തനംതിട്ട നഗരത്തിൽ നടപ്പാതയില്ലാത്ത റോഡ്, എങ്ങനെ നടക്കും ?

Friday 03 February 2023 12:09 AM IST

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് എസ്.പി ഓഫീസ് റോഡിലേക്ക് നടന്നുപോകണമെങ്കിൽ ജീവൻ കൈയിലെടുക്കണം. സൂക്ഷിച്ചില്ലെങ്കിൽ ചീറി പാഞ്ഞുവരുന്ന വാഹനങ്ങൾക്കടിയിലോ ഓടയിലോ പെട്ടുപോകാം. തിരക്കേറിയ ഈ റോഡിൽ ഫുട്പാത്ത് ഇല്ലാത്തതാണ് അപകടഭീഷണിയാകുന്നത്. ഓടയ്ക്ക് മുകളിലുള്ള സ്ലാബിൽ കയറി നടക്കാമെന്ന് വിചാരിച്ചാൽ ഏതുനിമിഷവും സ്ളാബ് തകരും. ഒരാൾക്ക് പൂർണമായി ഇറങ്ങി പോകാവുന്ന തരത്തിലുള്ള കുഴികൾ ഒാടയ്ക്ക് മുകളിൽ കാണാനാകും. തകരാത്ത സ്ലാബുകൾക്ക് മുകളിലാണ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ്. ടാറിംഗിന്റെ കട്ടിംഗും വഴിയോരത്തെ മതിലിനിടെയിലുമുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാത്തതിനാൽ വലിയ കുഴിപോലെ രൂപപ്പെട്ടിരിക്കുകയാണ്.

പത്തനംതിട്ട ടൗണിൽ നിന്ന് മൈലപ്ര, കോന്നി, റാന്നി, പമ്പ റോഡിലേക്കുള്ള എളുപ്പമാർഗമാണ് അപകട പാതയായിരിക്കുന്നത്. മഴ പെയ്താൽ ഓട നിറഞ്ഞ് വെള്ളം റോഡിൽ നിറയും. റോഡിന് സമീപമുള്ള സ്ഥാപനങ്ങളിലേയും ഓഡിറ്റോറിയങ്ങളിലെയും മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തും. റോഡിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയും വാഹനയാത്രക്കാർക്ക് ഭീഷണിയാണ്. മൂന്ന് വലിയ വളവുകളും ഈ റോഡിലുണ്ട്.

പരാതികൾ ഏറെ, നടപടിയില്ല

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് - എസ്.പി ഓഫീസ് റോഡിൽ നടപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ നഗരസഭയിലും പൊതുമരാമത്ത് ഒാഫീസിലും ലഭിച്ചിട്ടുണ്ടെങ്കിലും അധികൃതർ അറിഞ്ഞമട്ടില്ല. നഗരസഭ പതിനൊന്നാം വാർഡിലെ റോഡാണിത്. നടപ്പാത നിർമ്മിക്കാൻ പി.ഡബ്യൂ.ഡി അധികൃതരോട് നഗരസഭ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് കാരണം നിരത്തുകയായിരുന്നു.