ബഡ്‌ജറ്റിൽ പ്രതീക്ഷയർപ്പിച്ച് ജില്ല: വേണം ആരോഗ്യം

Friday 03 February 2023 12:12 AM IST

മലപ്പുറം: സംസ്ഥാന സർക്കാർ ഇന്ന് ബഡ്‌ജറ്റ് അവതരിപ്പിക്കുമ്പോൾ ജി​ല്ല വലിയ പ്രതീക്ഷയിലാണ്. പുതിയ പദ്ധതികൾക്കൊപ്പം തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണവും ലക്ഷ്യമിടുന്നുണ്ട്. ആരോഗ്യ മേഖലയിലാണ് ബൃഹദ് പദ്ധതികളുടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം, ജലസേചന പദ്ധതികൾ,​ തീരദേശ, മലയോര ഹൈവേകളുടെ സമയബന്ധിതമായ പൂർത്തീകരണം എന്നിവയിൽ കാര്യമായ പരിഗണനയ്ക്ക് കാതോർക്കുകയാണ് ജില്ല.

വേണം ആരോഗ്യം

ജില്ലയിൽ അടിയന്തര ചികിത്സ ലഭിക്കേണ്ട ആരോഗ്യ സംവിധാനമാണ് മഞ്ചേരി മെ‌ഡിക്കൽ കോളേജ്. അടിസ്ഥാന സൗകര്യങ്ങൾ പടിപടിയായി വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് വേഗം കൂട്ടണം. ആശുപത്രിയുടെ വികസനത്തിന് ഭൂമിയേറ്റെടുക്കൽ അനിവാര്യമാണ്. സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി വിഭാഗമില്ലാത്ത ഏക മെ‌ഡിക്കൽ കോളേജ് കൂടിയാണിത്. സൂപ്പർ സ്പെഷ്യാലിറ്റി മെഡി​ക്ക​ൽ കോം​പ്ല​ക്സ് നിർ​മ്മാ​ണ​ത്തി​ന് 90 കോ​ടി​യു​ടെ പ​ദ്ധ​തി​ ത​യാ​റാ​ക്കിയിട്ടുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഇല്ലാത്തതിനാൽ അടിയന്തരഘട്ടങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മഞ്ചേരിയിൽ പുതിയ ജനറൽ ആശുപത്രി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇത് അംഗീകരിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. കെട്ടിട നിർമ്മാണത്തിനായി 20 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. പു​തു​താ​യി ആ​രം​ഭി​ച്ച നഴ്സിംഗ് സ്കൂ​ളി​ന് കെ​ട്ടിടം പ​ണി​യു​ന്ന​തിന് 25 കോ​ടിയുടെ പ്രപ്പോസലും സമർപ്പിച്ചിട്ടുണ്ട്.

പെരിന്തൽമണ്ണ ജി​ല്ലാ ആ​ശു​പ​ത്രി ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. നേരത്തെ 10 കോടിയുടെ പദ്ധതികൾക്ക് പ്രപ്പോസൽ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. താലൂക്ക് ആശുപത്രിയുടെ സമയത്തുള്ള 177 കി​ടക്ക​കൾ മാത്രമാണ് ജി​ല്ലാ ആ​ശു​പത്രിയായി ഉയർത്തി വർഷങ്ങൾ പിന്നിട്ടിട്ടുമുള്ളത്. ‌നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രിയുടെ വികസനത്തിനായി വീട്ടി​ക്കു​ത്ത് ഗവ. യു.പി സ്കൂ​ളി​ന്റെ ഭൂ​മി ഏറ്റെ​ടു​ക്കേണ്ടതുണ്ട്. ഇതിന് മുമ്പ് സ്കൂ​ളി​ന് നാ​ല്​ കോടിയുടെ പു​തി​യ കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ വികസനത്തിനായി 15 കോ​ടി​യു​ടെ അ​നു​മ​തി ലഭിക്കുമെന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. കോ​ട്ടയ്​ക്ക​ലി​ൽ ആ​യു​ർ​വേ​ദ സ​ർ​വ​ക​ലാ​ശാ​ല സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇത്തവണയെങ്കിലും പുലരുമോയെന്നതും ജില്ല പ്രതീക്ഷയോടെ നോക്കുന്നുണ്ട്.

വേഗം കൂട്ടണം

തീരദേശ, മലയോര ഹൈവേയുടെ വികസനം വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ബഡ്‌ജറ്റിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജില്ല. തീരദേശ ഹൈവേയുടെ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. താനൂർ അങ്ങാടി ഉൾപ്പെടുന്ന ഭാഗങ്ങളിൽ എലിവേറ്റഡ് ഹൈവേയോ ഫ്‌ളൈ ഓവറോ നിർമ്മിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. പെരിന്തൽമ​ണ്ണ​യി​ലെ ഓ​രാ​ടം​പാ​ലം -​ മാ​ന​ത്തു​മം​ഗ​ലം നിർദ്ദിഷ്ട ബൈ​പാ​സി​ന് 36 ഹെക്ടർ ഭൂ​മി​ കൂടി ഏറ്റെടുക്കാനുള്ള തുക അനുവദിക്കേണ്ടതുണ്ട്. 15 വ​ർ​ഷ​മാ​യി നോ​ക്കു​കു​ത്തി​യാ​യി തുടരുന്ന കഞ്ഞിപ്പുര - മൂടാൽ പദ്ധതിയുടെ പൂർത്തീകരണത്തിന് തുക വകയിരുത്തേണ്ടതുണ്ട്. കഴിഞ്ഞ ബഡ്‌ജറ്റിൽ പ​രി​ഗ​ണി​ക്കാ​തെ പോ​യ പൊന്മു​ണ്ടം റെ​യി​ൽ​വേ ഓ​വർ ബ്രി​ഡ്ജ് അ​പ്രോ​ച്ച് റോ​ഡി​ന്​ 27 കോ​ടിയുടെ പ്രപ്പോസലും 70 കോ​ടി ചെ​ല​വ് വ​രുന്ന പുത്ത​ന​ത്താ​ണി - വൈലത്തൂർ റോ​ഡ് നാ​ലു​വ​രി പാ​ത​യാ​ക്ക​ലും സമർപ്പിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കേണ്ടതുണ്ട്. തീരവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ കടൽഭിത്തി നിർമ്മാണത്തിന് തുക അനുവദിക്കുന്നതിനും ആവശ്യമുന്നയിച്ചിട്ടുണ്ട്.

പൂർത്തിയാക്കണം ടെർമിനൽ

ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിന്റെ ശോഭ കെടുത്തുന്ന കാഴ്ചയാണ് പാതിവഴിയിൽ നിർമ്മാണം നിലച്ചുനിൽക്കുന്ന മലപ്പുറം കെ.എസ്.ആർ.​ടി.​സി ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിംഗ്​ കോം​പ്ല​ക്സ്. പ്രവൃത്തി പൂർത്തിയാവണമെങ്കിൽ അ‌ഞ്ച് കോടി രൂപ കൂടി വേണം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി അധികൃതർ മുഖം തിരിച്ചുനിൽക്കുമ്പോൾ ബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് ജില്ല.