ഗ്യാസ് സിലിണ്ടറിൽ ഇടിച്ച് പ്രശാന്ത് നേടിയത് റെക്കാഡ് നേട്ടം

Friday 03 February 2023 12:12 AM IST

റാന്നി : ഗ്യാസ് സിലിണ്ടറിൽ കൈമുട്ടുകൊണ്ട് ഒരു മിനിറ്റിൽ 142 തവണ ഇടിച്ച് ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയിരിക്കുകയാണ് റാന്നി ചെറുകുളഞ്ഞി സ്വദേശിയായ കുങ്ഫു മാസ്റ്റർ പ്രശാന്ത് അമൃതം. മുഞ്ഞനാട്ട് വീട്ടിൽ എം.എൻ.ശിവദാസിന്റെയും പരേതയായ രജനി ശിവദാസന്റെയും മകനായ പ്രശാന്ത് 18 വർഷമായി കുങ്ഫു യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ്ഫുവും യോഗയും അഭ്യസിക്കുന്നു. ഗ്രാൻഡ് മാസ്റ്റർമാരായ എം.ജി.ദിലീപ് മാസ്റ്ററുടെയും വി.എം.വിജയൻ മാസ്റ്ററുടെയും ശിഷണത്തിലാണ് കുങ്ഫു പഠിച്ചത്. കുങ്ഫുവിൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് യോഗ്യത നേടിയ പ്രശാന്ത് പത്തുവർഷമായി നിരവധിപേർക്ക് പരിശീലനം നൽകുന്നുമുണ്ട്. റാന്നി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ കുങ്ഫു അദ്ധ്യാപകൻ കൂടിയായ പ്രശാന്ത് കുങ്ഫുവിനു പുറമെ ഇൻഡോനേഷ്യൻ ആർട്ടായ പെൻകാക്ക് സിലട്ട്, തായ്‌ലൻഡ് ആർട്ട് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഭാര്യ : ചാന്ദിനി, മകൻ : ദേവദർഷ്.