യുവാവിനെ  തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയ മൂന്നംഗ സംഘം  അറസ്റ്റിൽ

Friday 03 February 2023 12:15 AM IST

തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്ന് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദീൻ (30) , ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ അയാസ് (35) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പുതിയങ്ങാടി ജാറത്തിനു സമീപം നിന്നിരുന്ന യുവാവിനെ മൂന്നംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ തട്ടിക്കൊണ്ടുപോവുകയും മർദ്ദിച്ചവശനാക്കി കൈയിലുണ്ടായിരുന്ന 70,​ 000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. എ.ടി.എം. കാർഡും മൊബൈൽ ഫോണും കവർന്നു. ഒരുദിവസം ആലിങ്ങലിലെ റൂമിൽ തടങ്കലിൽ പാർപ്പിച്ചു. തുടർന്ന് താനൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം നിറുത്തിയപ്പോൾ ജംഷീർ പ്രതികളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് തിരൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ബി.പി അങ്ങാടിയിൽ വച്ച് പ്രതികളെ സാഹസികമായി കീഴ്‌പെടുത്തി.

അറസ്റ്റിലായ വിപിൻ വധശ്രമം, അടിപിടി, തട്ടിക്കൊണ്ടു പോകൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരീക്ഷിച്ചു വരുന്ന ആളുമാണ്. മറ്റു പ്രതികൾക്കെതിരെ ഗുണ്ടാ നിയമപരകാരമുള്ള നടപടികൾ സ്വീകരിക്കും. സി.ഐ എം.ജെ. ജിജോ,​ എസ്.ഐ വി. ജിഷിൽ,​ സീനിയർ സി.പി.ഒ ജിനേഷ്,​ സി.പി.ഒ മാരായ അനിൽകുമാർ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.