പന്തളം നഗരസഭാ മാസ്റ്റർ പ്ലാനിന് അംഗീകാരം

Friday 03 February 2023 12:17 AM IST

പന്തളം: മൂന്ന് വർഷത്തെ കാത്തിരിപ്പിനും കടമ്പകൾക്കും ശേഷം പന്തളം നഗരസഭാ മാസ്റ്റർ പ്ലാനിന് സർക്കാരിന്റെ അന്തിമ അംഗീകാരമായി. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ മാസ്റ്റർ പ്ലാൻ പ്രാബല്യത്തിൽ വരും. മുൻ ഭരണസമിതിയുടെ ഭരണകാലത്ത് തയ്യാറാക്കി 2020 ജനുവരി 14ന് പ്രസിദ്ധീകരിച്ച പന്തളം മാസ്റ്റർ പ്ലാനിൽ പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും മുൻസിപ്പൽ കൗൺസിൽ ശേഖരിച്ചിരുന്നു. ആക്ഷേപങ്ങളിലും അഭിപ്രായങ്ങളിലും മുൻസിപ്പൽ കൗൺസിൽ നിയോഗിച്ച സ്‌പെഷ്യൽ കമ്മിറ്റി തീരുമാനങ്ങൾ എടുക്കുകയും ജനങ്ങളെ കേൾക്കുകയും ചെയ്തു. സ്‌പെഷ്യൽ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ മുനിസിപ്പൽ കൗൺസിൽ വിശദമായി ചർച്ച ചെയ്യുകയും മാസ്റ്റർ പ്ലാനിൽ മാറ്റങ്ങൾ വരുത്തി അംഗീകാരം നൽകുകയും ചെയ്തിരുന്നു. നഗര, ഗ്രാമാസൂത്രണ ആക്ട് 2016 പ്രകാരം അന്തിമ അംഗീകാരം ലഭ്യമാക്കേണ്ടത് സർക്കാർ ആയതിനാൽ മാറ്റങ്ങൾ വരുത്തിയ മാസ്റ്റർ പ്ലാൻ മുൻസിപ്പൽ കൗൺസിൽ സർക്കാരിലേക്ക് അയച്ചിരുന്നു. ചീഫ് ടൗൺ പ്ലാനറുടെ ശുപാർശയോടെ സർക്കാർ അന്തിമ അംഗീകാരം നൽകി.

ജില്ലാ ടൗൺപ്ലാനിംഗ് വിഭാഗമാണ് ഇരുപത് വർഷത്തെ വികസനം ലക്ഷ്യം വച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

ലക്ഷ്യമിടുന്നത് ഭൗതിക, സാമ്പത്തിക, സാമൂഹിക, മേഖലകളുടെ സമഗ്രവും സ്ഥലപരമായുമുള്ള വികസനമാണ് പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന തീർത്ഥാടന വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയ്ക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ രണ്ടാം തരത്തിലേക്ക് മാറേണ്ട പട്ടണമാണെങ്കിലും വാണിജ്യത്തിനായുള്ള ഭൂമി വളരെകുറവാണ്. ചന്തകളിൽ അടിസ്ഥാന സൗകര്യക്കുറവ്, വ്യവസായങ്ങളുടെ കുറവ്, ശബരിമല തീർത്ഥാട വികസനം, ഗതാഗത പരിഷ്‌കാരം, മാലിന്യ സംസ്‌കരണം, തോടുകളും ചാലുകളും വൃത്തിയാക്കൽ എന്നിവ നടപ്പാക്കേണ്ടതുണ്ട്. പന്തളത്തിന്റെ ആകെ വിസ്തൃതിയുടെ 57 ശതമാനം കൃഷിയായതിനാൽ കൃഷിക്കും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും കൂടുതൽ പ്രാധാന്യം നൽകും.