അങ്കമാലി- ശബരി റെയിൽവേ പദ്ധതി: കേന്ദ്രമന്ത്രിയെ നേരിൽക്കണ്ട് ഡീൻ

Friday 03 February 2023 12:18 AM IST

മൂവാറ്റുപുഴ: അങ്കമാലി -ശബരി റെയിൽവേ പദ്ധതി പുനർനിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽക്കണ്ട് ചർച്ച നടത്തിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും ഇക്കാര്യം സംസാരിച്ചതായി ഡീൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള എം.പിമാരെയും സംസ്ഥാന സർക്കാരിനെയും ഉൾപ്പെടുത്തി ഇക്കാര്യത്തിൽ ചർച്ച വേണമെന്ന ആവശ്യവുമായാണ് മന്ത്രിയെ കണ്ടതെന്ന് എം.പി പറഞ്ഞു. ശബരി പദ്ധതിയുടെ പുനർനിർമാണം സംബന്ധിച്ച് പ്രതീക്ഷാനിർഭരമായ മറുപടിയാണ് കേന്ദ്ര റെയിൽവേ മന്ത്രിയിൽ നിന്ന് ലഭിച്ചതെന്ന് എം.പി പറഞ്ഞു. ബഡ്ജറ്റിൽ 2.4 ലക്ഷം കോടി രൂപയാണ് റെയിൽവേയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. പുതിയ പാതയ്ക്കുവേണ്ടി 31,000 കോടി രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളം നിരാശപ്പെടേണ്ടി വരില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ചതെന്നും എം.പി പറഞ്ഞു.