സുന്ദര ഗില്ലാഡി

Thursday 02 February 2023 11:52 PM IST

കഴിഞ്ഞരാത്രി അഹമ്മദാബാദിൽ കിവീസിനെതിരായ മൂന്നാം ട്വന്റി ട്വന്റിയിൽ 63 പന്തുകളിൽ പുറത്താവാതെ 126 റൺസടിച്ച ശുഭ്മാൻ ഗിൽ കരിയറിലെ ആദ്യ ട്വന്റി20 സെഞ്ച്വറിക്കൊപ്പം ട്വന്റി ട്വന്റിയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും സ്വന്തമാക്കിയാണ് ക്രീസിൽനിന്നു മടങ്ങിയത്. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് ഈ ഇരുപത്തിമൂന്നുകാരൻ. സുരേഷ് റെയ്ന, രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കൊഹ്‌ലി എന്നിവരാണ് മറ്റു നാല് പേർ.

35 പന്തിൽ കരിയറിലെ ആദ്യ അന്താരാഷ്ട്ര ട്വന്റി ട്വന്റി അർദ്ധ സെഞ്ച്വറി പിന്നിട്ട താരം തുടർന്ന് സെഞ്ച്വറിയിലേക്കെത്താനെടുത്തത് വെറും 19 പന്തുകൾ. 12 ഫോറും 7 സിക്സും ആ ബാറ്റിൽ നിന്നു പറന്നു. സ്പിന്നർമാർക്കെതിരെ 22 പന്തുകളിൽ 29 റൺസ് മാത്രം നേടിയ ഗില്ലിന്റെ ബാറ്റിന്റെ ചൂട് കൂടുതലറിഞ്ഞത് കിവീസ് പേസർമാരാണ്; 38 പന്തിൽ 94 റൺസാണ് പേസർമാർക്കെതിരെ ഗിൽ നേടിയത്.

ഗിൽ റെക്കാഡുകൾ

ട്വന്റി ട്വന്റിയിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ: 126 നോട്ടൗട്ട് (വിരാട് കൊഹ്‌ലിയെ മറികടന്നു– 122 നോട്ടൗട്ട്)

ട്വന്റി ട്വന്റിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം: 23 വയസ്സ്, 146 ദിവസം (സുരേഷ് റെയ്നയെ മറികടന്നു– 23 വയസ്സ്, 156 ദിവസം)

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം

ഗിൽ @ 2023

7

5

46

70

21

116

208

40*

112

7

11

126*

769 റൺസാണ് ഈ വർഷം ജനുവരിയിൽ മാത്രം 12 മത്സരങ്ങളിൽ നിന്ന് ഗിൽ നേടിയത്. ഇതിൽ ഒരു ഇരട്ട സെഞ്ച്വറിയടക്കം നാല് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു.

സച്ചിൻ സാക്ഷി

അഹമ്മദാബാദിൽ ഗില്ലിന്റെ കന്നി ട്വന്റി ട്വന്റി സെഞ്ച്വറി കാണാൻ ഗാലറിയിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും ഉണ്ടായിരുന്നു. സച്ചിന്റെ മകൾ സാറയുമായി ഗിൽ പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

ശുഭ്മാൻ ഗില്ലിന്റെ ഫോം ശുഭസൂചനയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശുഭ്മാന്റെ കരങ്ങളിൽ സുരക്ഷിതമാണ്.

- വിരാട് കൊഹ്‌ലി