കുളത്തിലെ മീനുകൾ ചത്തുപൊങ്ങിയത് നാട്ടുകാരിൽ ആശങ്ക

Friday 03 February 2023 12:21 AM IST

കൊല്ലം: ചാത്തിനാംകുളത്തെ ഫാത്തിമകുളത്തിലെ മീനുകൾ ചത്തുപൊങ്ങിയത് ആശങ്ക പരത്തി. ചാത്തിനാംകുളം എം.ഇ.എസ് സ്‌കൂളിന്‌ സമീപത്തെ കുളത്തിലെ മീനുകളാണ് കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയത്. മീനുകൾ ചത്തുപൊങ്ങുകയും സമീപപ്രദേശമാകെ ദുർഗന്ധം പരക്കുകയും ചെയ്തതോടെ നാട്ടുകാർ ആശങ്കയിലായി.

മൂന്ന് വർഷം മുമ്പ് ഫിഷറീസ് വകുപ്പ് നിക്ഷേപിച്ച മീനുകളായിരുന്നു കുളത്തിലുണ്ടായിരുന്നത്. കൊവിഡും ലോക്ക്ഡൗണും അടക്കമുള്ള കാരണങ്ങളാൽ കുളത്തിലെ മീനിന്റെ വിളവെടുപ്പ് നടന്നില്ല. തുടർന്ന് അടുത്ത ദിവസങ്ങളിൽ വിളവെടുപ്പ് നടത്താനിരിക്കെയാണ് മീനുകൾ ചത്ത് പൊങ്ങിയത്. ബുധനാഴ്ച രാത്രിയോടെ ചത്ത് പൊങ്ങുന്ന മീനുകളുടെ എണ്ണം വർദ്ധിക്കുയും ദുർഗന്ധം വമിക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാവിലെ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫിഷറീസ് അധികൃതർ കുളത്തിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുളം വറ്റിച്ച് ശുദ്ധീകരിക്കുന്ന ജോലികൾ തുടങ്ങിയെന്നും മീനുകൾ ചത്തുപൊങ്ങാനുണ്ടായ കാര്യമെന്താണെന്ന് വെള്ളത്തിന്റെ പരിശോധന ഫലം വന്നാലെ പറയാനാകുവെന്നും ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പവിത്ര പറഞ്ഞു.