കൊല്ലം തോട്ടിൽ പാലം വരും

Friday 03 February 2023 12:25 AM IST

കൊല്ലം: കച്ചിക്കടവുകാരുടെ കയറിൽ പിടിച്ച് കടത്തുവള്ളത്തിൽ അക്കരയിക്കരെ കടക്കേണ്ട ഗതികേടിന് ഒന്നരവർഷത്തിനകം പരിഹാരമാകും. കൊല്ലം തോടിന് കുറുകെ കച്ചിക്കടവിൽ പുതിയ പാലത്തിന്റെ നിർമ്മാണം ഒരു വർഷത്തിനകം ആരംഭിക്കും.

മുണ്ടയ്ക്കൽ കച്ചിക്കടവിൽ പാലത്തിനും അപ്രോച്ച് റോഡ് നിർമ്മാണത്തിനുമായി 0.42 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുക്കുന്ന സ്ഥലം കല്ലിട്ട് വേർതിരിച്ചിട്ടുണ്ട്. സാമൂഹ്യാഘാത പഠനവും പുരോഗമിക്കുകയാണ്. ആറ് മാസത്തിനകം വില നിശ്ചയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് ഭൂമി ഏറ്റെടുക്കും. കച്ചിക്കടവിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച് തീരദേശ റോഡിൽ അവസാനിക്കുന്ന തരത്തിലാണ് പാലം. പാലത്തിന്റെ അന്തിമ രൂപരേഖ

ഇതുവരെ തയ്യാറായിട്ടില്ല. പാലത്തിന് 45 മീറ്ററിലേറെ നീളമുണ്ടാകും. 10.5 മീറ്റർ വീതിയുണ്ടാകും. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയുണ്ടാകും. പാലത്തിന്റെ നിർമ്മാണത്തിനും സ്ഥലം ഏറ്റെടുക്കലിനുമായി നേരത്തെ 7.9 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ,​ ഇതിന്റെ ഇരട്ടിയിലേറെ തുക ചെലവാകും. അധികമായി വേണ്ടിവരുന്ന തുക പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കയറിൽ പിടിച്ച് കരകയറണം

കൊല്ലം തോട്ടിൽ ഈ ഭാഗത്ത് കടത്ത് സർവ്വീസുണ്ട്. എന്നാൽ സ്ഥിരമായി കടത്തുകാരനില്ല. തുഴച്ചിൽ അറിയാത്തവർക്കായി തോടിന് കുറുകെ കയർ കെട്ടിയിട്ടുണ്ട്. ഈ കയറിൽ പിടിച്ചാണ് വള്ളം മറുകരയെത്തിക്കുന്നത്. രാത്രിയിലും ശക്തമായ ഒഴുക്കുള്ളപ്പോഴും കയറിൽ പിടിച്ചുപോകാൻ കഴിയില്ല. ഈ സമയങ്ങളിൽ കേവലം 25 മീറ്റർ അകലെയുള്ള മറുകരയെത്താൻ രണ്ടര കിലോ മീറ്ററിലേറെ മുണ്ടയ്ക്കൽ പാലം വഴി ചുറ്റിക്കറങ്ങണം. പാലം യാഥാർത്ഥ്യമായാൽ പോളയത്തോടിൽ നിന്ന് ഇടറോഡുകൾ വഴി അതിവേഗം തീരദേശറോഡിലെത്താം.