ശിലാസ്ഥാപനം

Friday 03 February 2023 1:17 AM IST

ചവറ: ചവറയിൽ പുതിയതായി ആരംഭിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകൾക്കായി ചവറ മേനാമ്പള്ളി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കൂടുതൽ കെട്ടിട സൗകര്യം തയ്യാറാകുന്നു. പുതിയ സംരംഭകരെ സഹായിക്കുന്നതിനുള്ള കെട്ടിടം നിർമ്മിക്കുന്നത് ജില്ലാ വ്യവസായ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ജില്ലാ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സഹകരണസംഘമാണ്. സഹകരണസംഘം ഭാരവാഹി പി.പി. ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കെട്ടിടങ്ങളുടെ ശിലാസ്ഥാപനകർമ്മം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ , ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആ‌ർ.ദിനേശ്, കെ.എസ്. സജീവ്കുമാർ, കെ. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തുകൾ തോറും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ നിർമ്മിച്ചിരുന്നു. ഇടയ്ക്കുവച്ച് സംരംഭങ്ങൾ പലതും വിജയകരമല്ലാത്തതിനാൽ മിനി എസ്റ്റേറ്റുകളിൽ ചിലത് നിർജ്ജീവാവസ്ഥയിലായിരുന്നു. ചെറുകിട സംരംഭകരുടെയും സ്റ്റാർട് അപ്പ് പദ്ധതികളുടെയും വരവോടുകൂടി നിലവിലുളള ഷെഡുകൾ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ചവറ മേനാമ്പള്ളി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പുതിയതായി 900 സ്ക്വയർഫീറ്റുള്ള മൂന്ന് കെട്ടിടങ്ങൾ ഉൾപ്പെടുന്ന പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്.

Advertisement
Advertisement