കുളത്തൂപ്പുഴയുടെ കാരുണ്യം നിസാമിന് പുതുജീവൻ നൽകും

Friday 03 February 2023 1:23 AM IST

ഏരൂർ: കുളത്തുപ്പുഴ നിവാസികളുടെ കാരുണ്യം മൈലമൂട് സ്വദേശി നിസാമിന് പുതുജീവൻ നൽകും. വൃക്ക മാറ്റിവെ യ്ക്കൽ ശസ്ത്രക്രിയക്കായി കുളത്തൂപ്പുഴയിലെ ജനങ്ങൾ നടത്തിയ പരിശ്രമം വിജയം വരിച്ചിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തകൻ അഡ്വ.ഷെമീർ കുന്നമംഗലത്തിന്റെ നേതൃത്വത്തിൽ നാട് ഒന്നാകെ അണിനിരന്നു. 60 ലക്ഷം രൂപയാണ് സമാഹരിച്ചത്. നിസാമിനൊപ്പം നാട്ടിലെ മറ്റ് 130 രോഗികൾക്കുകൂടി സഹായം വിതരണം ചെയ്യും. പദ്ധതിയുടെ സമാപനവും ധനസഹായ വിതരണവും 5ന് വൈകിട്ട് 4ന് കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.പുനലൂർ എം.എൽ.എ പി.എസ്. സുപാൽ സഹായ വിതരണം നിർവഹിയ്ക്കും. ജനപ്രധിനികളും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.നിസാമിന്റെ ചികിത്സക്കായി 30 ലക്ഷവും തുടർ ചികിത്സക്കായി 10 ലക്ഷവും ബാക്കി വരുന്ന 20 ലക്ഷം രൂപയും കുളത്തൂപ്പുഴയിലെ അർഹരായ 130തോളം രോഗികൾക്ക് ചികിത്സാ ധനസഹായമായും വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ, വാർഡ് മെമ്പർ സാബു എബ്രഹാം,ഫൈസൽ അഹമ്മദ് (ചെയർമാൻ),ജെറിൻ ജയിംസ്(കൺവീനർ) എന്നിവർ അറിയിച്ചു.