പെരിയ ഇരട്ടക്കൊല: വിചാരണയ്ക്ക് തുടക്കം

Friday 03 February 2023 3:03 AM IST

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ തുടങ്ങി. ഒന്നാം പ്രതിയും സി.പി.എം പ്രാദേശിക നേതാവുമായ പീതാംബരൻ, ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ എന്നിവരടക്കം 24 പ്രതികളാണ് വിചാരണ നേരിടുന്നത്.

ഇന്നലെ കേസിലെ ഒന്നാം സാക്ഷി ശ്രീകുമാറിനെ വിസ്തരിച്ചു. വിചാരണവേളയിൽ സാക്ഷികളുടെ സുരക്ഷ മാനിച്ച് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സി.ബി.ഐ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് യുക്തമായ തീരുമാനമെടുക്കാമെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. ഈ അപേക്ഷയിൽ ഫെബ്രുവരി ആറിന് കോടതിയുടെ ഉത്തരവുണ്ടാകും. രണ്ടാം സാക്ഷി ബാബുരാജിന്റെ സാക്ഷി വിസ്താരം ഫെബ്രുവരി ആറിന് നടക്കും. 292 സാക്ഷികളാണ് കേസിലുള്ളത്.

2019 ഫെബ്രുവരി 17ന് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളടക്കമുള്ളവരെ അടുത്തയാഴ്‌ച വിസ്തരിക്കും.രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് സി.പി.എം പ്രവർത്തകരായ പ്രതികൾ ഇവരെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.