അമിത ഭാരം അടിച്ചേൽപ്പിക്കില്ലെന്ന് ധനമന്ത്രി; സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന് വിമർശനം

Friday 03 February 2023 8:48 AM IST

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് സഭയിൽ അവതരിപ്പിക്കേണ്ട ബഡ്‌ജറ്റ് അച്ചടിവകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിലെത്തി കൈമാറി. സംസ്ഥാനത്ത് ചിലവ് ചുരുക്കൽ നടപടിയുണ്ടാകുമെന്ന് സൂചന നൽകിയ മന്ത്രി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ചു. 2700 കോടിയുടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന് അടുത്ത മൂന്ന് മാസത്തേക്ക് 937 കോടി മാത്രമേ കടമെടുക്കാൻ സാധിക്കൂ. ഈ വസ്‌തുത കേരളത്തിലെ ജനങ്ങൾ മുഴുവൻ മനസിലാക്കണമെന്ന് ധനമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താങ്ങാനാവാത്ത ഭാരം ബഡ്‌ജറ്റിലുണ്ടാകില്ലെന്ന് സൂചിപ്പിച്ച മന്ത്രി അമിതഭാരം അടിച്ചേൽപ്പിക്കുന്നത് ഇടത് നയമല്ലെന്നും പറഞ്ഞു. ബഡ്‌ജറ്റ് അവതരണത്തിനായി മന്ത്രി നിയമസഭാ മന്ദിരത്തിലെത്തി.

അതേസമയം പൊതുകടം വർദ്ധിക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയും ചെയ്യുമ്പോഴും സംസ്ഥാനം സാമ്പത്തിക വളർച്ചയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും തരണം ചെയ്ത് 12.01 ശതമാനം സാമ്പത്തിക വളർച്ചയാണ് കേരളം നേടിയത്.