കേരള ടൂറിസം 2.0; ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി

Friday 03 February 2023 11:08 AM IST

തിരുവനന്തപുരം: ടൂറിസം ഇടനാഴി വികസനത്തിനായി ബഡ്ജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ കേന്ദ്രങ്ങളെ എക്‌സ്പീരിയന്‍ഷ്യല്‍ വിനോദസഞ്ചാരത്തിനായി നീക്കിവെയ്ക്കും. ഇവ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രാഥമിക ചെലവുകൾക്ക് 10 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

തീരദേശ ശൃംഖല ഇടനാഴി,​ തീരദേശ ഹെെവേ ഇടനാഴി,​ ജലപാത കനാൽ ഇടനാഴി,​ ദേശീയപാത ഇടനാഴി,​ ഹെലി ടൂറിസം ഇടനാഴി,​ ഹിൽ ടൂറിസം ഇടനാഴി,​ റെയിൽവേ ഇടനാഴി എന്നിവയാണ് ടൂറിസം ഇടനാഴികൾ. സംസ്ഥാനത്തെ അടിസ്ഥാന വികസന പദ്ധതികളുമായി കെെകോർത്ത് ഇവ വികസിപ്പിക്കും. ഇവയുടെ വികസനത്തിന് 50 കോടി രൂപയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.