മനുഷ്യജീവനും ഉപജീവനമാർഗത്തിനും സംരക്ഷണം; വന്യജീവി ആക്രമണങ്ങൾ തടയാനും നഷ്ടപരിഹാരത്തിനും 50 കോടി

Friday 03 February 2023 11:36 AM IST

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും നഷ്ടപരിഹാരത്തിനുമായി ബഡ്ജറ്റിൽ 50.85 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കാട്ടുപന്നി, മുള്ളൻപന്നി, ആന, കടുവ എന്നിവ ഉയർത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാർഗങ്ങളും സംരക്ഷിക്കപ്പടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്യമൃഗങ്ങൾ വനാതിർത്തി കടന്ന് പട്ടണങ്ങളിലേയ്ക്ക് എത്തുന്നത് കേരളത്തിൽ വർദ്ധിക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷൻ ടീമുകൾ ശക്തിപ്പെടുത്തുന്നതിനുമായി 30.85 കോടി ഉൾപ്പെടെ ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി മന്ത്രി അറിയിച്ചു.

വന്യജീവി മേഖലയിലെ വിവിധ പദ്ധതികൾക്കായി നബാർഡ് വായ്പ ഉൾപ്പെടെ 241.66കോടി രൂപ അനുവദിച്ചു. വനസംരക്ഷണ പദ്ധതിക്കായി 25കോടിയും ഇക്കോടൂറിസം പദ്ധതിക്കായി ഏഴുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 16 വന്യജീവി കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 4.76കോടി രൂപയും ബഡ്ജറ്റിൽ അനുവദിച്ചു.

.