ബഡ്ജറ്റ് പോക്കറ്റ് കാലിയാക്കാൻ കാരണഭൂതമാകും, സാധാരണക്കാർ നക്ഷത്രമെണ്ണും, ക്ഷേമം ഇല്ലേയില്ല

Friday 03 February 2023 1:22 PM IST

തിരുവനന്തപുരം: വോട്ടുനേടാനുള്ള ഗിമ്മിക്ക് എന്ന പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുമ്പോഴും സാധാരണക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാത്തതായിരുന്നു കേന്ദ്ര ബഡ്ജറ്റ്. എന്നാൽ പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചുകൊണ്ട് അവന്റെ ജീവിതച്ചെലവ് കാര്യമായി ഉയർത്തുന്നതാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ്. ഇന്ധനവിലയും മദ്യവിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കെട്ടിട നികുതിയും ഉൾപ്പടെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന എല്ലാം കൂട്ടിയിട്ടുണ്ട്. ഇതിൽ ഏറെ ബാധിക്കുക ഇന്ധനങ്ങൾക്ക് വരുന്ന വിലക്കയറ്റമാണ്.

ഉയരുന്ന ഇന്ധന വിലയ്‌ക്കൊപ്പം സുരക്ഷാ സെസ് കൂടി ചേര്‍ന്നാല്‍ ജനങ്ങളുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി. ഇത് വൻതോതിലുള്ള വിലക്കയറ്റത്തിനാകും ഇടയാക്കുക. ഇപ്പോൾ തന്നെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. അതിനിടയിലാണ് ഇടിത്തീ പോലെ പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.വിലക്കയറ്റത്തിനൊപ്പം ബസ് ചാർജും ഓട്ടോ, ടാക്സി നിരക്കും കൂട്ടുന്നതിനും ഇത് ഇടയാക്കിയേക്കും.

മദ്യത്തിന് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്താനുള്ള തീരുമാനവും കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും. അടുത്തിടെയാണ് മദ്യത്തിന് വില വർദ്ധിപ്പിച്ചത്. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നുമാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. ഇത് നടപ്പാക്കുന്നതോടെ ഒരാൾ മദ്യത്തിന് ചെലവാക്കുന്ന തുക കൂടും. ഇത് കുട‌ുംബത്തിന്റെ വരുമാനത്തിൽ കുറവുണ്ടാക്കും. മദ്യത്തിന് വില കൂടുന്നതോട‌െ കൂടുതൽപ്പേർ മയക്കുമരുന്നിനെ ആശ്രയിക്കുമോ എന്ന ആശങ്ക പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ഇതിനകം ഉയർത്തിയിട്ടുണ്ട്.

ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. ഫ്ളാറ്റുകളുടെ മുദ്രവില കൂട്ടിയത് ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നത്തിന് തിരിച്ചടിയാവും. കെട്ടിട നികുതിയിലും പരിഷ്കരണമുണ്ട്. ഇതും സാധാരണക്കാരനെയാണ് ബാധിക്കുക. കെട്ടിട പെർമിറ്റ് ഫീസും, കെട്ടിട അനുമതി ഫീസും കൂട്ടി. കൂടാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒന്നിലധികം വീടുകളുള്ളവർക്കും പ്രത്യേക നികുതി ഏർപ്പെടുത്തും

സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനായി കോടികൾ മുടക്കിയാണ് മന്ത്രിമാർ വിദേശയാത്ര നടത്തുന്നത്. ഇങ്ങനെ നിക്ഷേപം കൊണ്ടുവരാനായി 'അക്ഷീണം പ്രയത്നിക്കുമ്പോഴാണ്' വ്യവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ബഡ്ജറ്റിലുണ്ടായത്.മറ്റുസംസ്ഥാനങ്ങൾ ഭൂമിയും വെള്ളവും വൈദ്യുതിയും ഉൾപ്പടെ എല്ലാം ഫ്രീയായി നൽകുമ്പോഴാണ് കേരളം വൈദ്യുതി തീരുവ ഏർപ്പെടുത്തുന്നത്. ഇപ്പോൾ തന്നെ നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന് ഇമേജുളള കേരളത്തിന് കൂടുതൽ തിരിച്ചടിയാവും.

പുതുതായി വാഹനം വാങ്ങുന്നവർക്ക് ശരിക്കും ഇരുട്ടടിയാണ് വാഹന നികുതി കൂട്ടിക്കൊണ്ടുള്ള തീരുമാനം. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെയാവും വാഹനസെസ് കൂടുക. മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി രണ്ട് ശതമാനമാണ് വർദ്ധിപ്പിച്ചത്.ജുഡീഷ്യൽ കോടതി ഫീസുകളും കുത്തനെ കൂട്ടി.പാവങ്ങൾക്കും അശരണർക്കും കൈത്താങ്ങായി സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.