കേരളം സാമ്പത്തികചിലവ് വളരെയധികമുളള സംസ്ഥാനം, പ്രതിസന്ധി മറികടക്കാനുളള ബഡ്‌ജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി

Friday 03 February 2023 1:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള ബഡ്‌ജറ്റാണ് ഇത്തവണത്തേതെന്ന് സൂചിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളം സാമ്പത്തിക ചിലവ് വളരെയധികമുളള സംസ്ഥാനമാണെന്നും അത് ദുർമേതസ് ചെലവൊന്നുമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ ബഡ്‌ജറ്റിൽ കേരളത്തിന് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. കൂടുതൽ എക്കണോമിക്ക് ആക്‌ടിവിറ്റികൾക്ക് ഈ ബഡ്‌ജറ്റിൽ ശ്രമിച്ചിട്ടുണ്ട്.

ബഡ്‌ജറ്റ് എന്നാൽ കേവലം കണക്ക് മാത്രമല്ല സാമൂഹ്യക്ഷേമപെൻഷനുകളടക്കം നൽകാനാണ് വിവിധ നികുതി നിർദ്ദേശങ്ങളെന്ന് ധനമന്ത്രി സൂചിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് കാലത്തെ സാഹചര്യം നോക്കിയാൽ നിലവിൽ നികുതി, നികുതിയേതര വരുമാനത്തിൽ മികച്ച വർദ്ധന നേടിയെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്‌ടിയിലടക്കം 25 ശതമാനം വ‌ർദ്ധനയുണ്ടായിട്ടും കേരളത്തോട് കേന്ദ്രത്തിന് വിവേചനപരമായ സമീപനമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ മൂന്ന് മാസത്തെ കടമെടുപ്പ് പരിധി 2700 കോടി എന്നത് വെട്ടിക്കുറച്ച് നിലവിൽ 937 കോടിയാണ്. ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളുടെ ചിലവ് വെട്ടിക്കുറയ്‌ക്കുകയാണ് കേന്ദ്രമെന്ന് മന്ത്രി കുറ്റപ്പെടുത്തി. സാമൂഹിക സുരക്ഷാ പെൻഷൻ വർഷം 11000 കോടിയാണ് നൽകുന്നത്. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത് മാസത്തിൽ 200 കോടിയാണ് ചിലവെങ്കിൽ ഇപ്പോഴത് 900 കോടിയായി വർദ്ധിച്ചെന്നും ധനമന്ത്രി പറഞ്ഞു.