തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ടത് നാട്ടുകാർ; മുൻഭാഗം മുഴുവനായി കത്തിനശിച്ചു

Friday 03 February 2023 4:26 PM IST

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ സ്വദേശി സനോജ് ഓടിച്ചിരുന്ന വണ്ടിയ്ക്കാണ് തീപിടിച്ചത്. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്നു സനോജ്.

കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് സനോജ് വാഹനം നിർത്തി പുറത്തിറങ്ങിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടക്കുമ്പോൾ സനോജ് മാത്രമേ കാറിലുണ്ടായിരുന്നുള്ളു. വണ്ടിയിൽ നിന്ന് പുക ഉയരുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. അവർ വിളിച്ചുപറഞ്ഞപ്പോഴാണ് സനോജ് പുക കണ്ടത്.

തുടർന്ന് വാഹനത്തിൽ സെൻട്രൽ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി പുറത്തിറങ്ങുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സെത്തി തീയണച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചിരുന്നു.